wayanad local

വിപണിയിലെത്തുന്നത് രണ്ടുവര്‍ഷം നീണ്ട തയ്യാറെടുപ്പിനൊടുവില്‍ വയനാടന്‍ ഫില്‍ട്ടര്‍ കോഫി വിപണിയിലേക്ക്



കല്‍പ്പറ്റ: കാപ്പിയുടെ നാടായ വയനാട്ടില്‍ നിന്ന് ആദ്യമായി തനതായ വയനാടന്‍ ഫില്‍ട്ടര്‍ കോഫി വിപണിയിലെത്തുന്നു. നബാര്‍ഡിനു കീഴില്‍ രൂപീകരിച്ച കാര്‍ഷികോല്‍പാദക കമ്പനിയായ വേവിന്‍ വയനാടിന്റെ നേതൃത്വത്തില്‍ വിന്‍കോഫി എന്ന പേരിലാണ് ഫില്‍ട്ടര്‍ കോഫി വില്‍പനയ്‌ക്കെത്തുന്നത്. കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്റില്‍ നടക്കുന്ന മലബാര്‍ അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് നാളെ കര്‍ഷക സംഗമത്തില്‍ വച്ച് സംസ്ഥാന വൈദ്യുതി മന്ത്രി എം എം മണി വിപണനോദ്ഘാടനം നിര്‍വഹിക്കുമെന്നു വേവിങ് മാനേജിങ് ഡയറക്ടര്‍ പി എസ് സതീഷ്ബാബു, സിഇഒ കെ രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയല്‍ എന്ന ബ്രാന്റില്‍ വയനാട്ടിലെ പ്രധാന കാപ്പി ഇനമായ അറബിക്കയും റോബസ്റ്റയും ബ്ലന്റ് ചെയ്ത ഫില്‍ട്ടര്‍ കോഫിയാണ് ആദ്യഘട്ടത്തില്‍ വിപണിയില്‍ എത്തിക്കുന്നത്.  കോഫി ബോര്‍ഡിന്റെ സഹായത്തോടെ നൂറ് ശതമാനവും ശുദ്ധമായ കാപ്പിയാണ് തയ്യാറാക്കിയിട്ടുള്ളത്. വയനാട്ടില്‍ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതുവരെ ബംഗളൂരുവിലുള്ള കോഫി ബോര്‍ഡിന്റെ അംഗീകൃത സ്ഥാപനത്തില്‍ നിന്നായിരിക്കും സംസ്‌കരണവും പാക്കിങും നടത്തുക. വയനാട്ടില്‍ എത്തിച്ച ശേഷം വിവിധ ബ്രാന്റുകളിലായി വില്‍പന നടത്തും. കര്‍ഷകര്‍ക്ക് മുന്‍കൂര്‍ പണം നല്‍കി പഴുത്ത കാപ്പിയാണ് ശേഖരിക്കുന്നത്. വിപണി വിലയേക്കാള്‍ പത്ത് ശതമാനം കൂട്ടിയാണ് പണം നല്‍കുന്നത്. നിലവില്‍ ഒരു ഏജന്‍സിയില്‍ നിന്നും ഇതിനുള്ള സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല. ഭാവിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും അങ്ങനെ ലഭിച്ചാല്‍ അത് വയനാട്ടിലെ കാപ്പി കര്‍ഷകര്‍ക്ക് ഏറെ സഹായകമാവുമെന്നും ഇവര്‍ പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ വിപണിയിലുള്ള വന്‍കിട കമ്പനികളുടെ കാപ്പിപ്പൊടിയുമായി ഭാവിയില്‍ വിന്‍ കോഫിക്കും മല്‍സരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ രണ്ടുവര്‍ഷം നീണ്ട പരിശീലനത്തിനും തയ്യാറെടുപ്പിനും ശേഷമാണ് വിന്‍കോഫി വിപണനത്തിനെത്തിക്കുന്നത്.
Next Story

RELATED STORIES

Share it