വിന്‍സന്‍ എം പോള്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍; നിയമനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി

തിരുവനന്തപുരം: മുഖ്യവിവരാവകാശ കമ്മീഷണറായി വിന്‍സന്‍ എം പോളിനെ നിയമിച്ചു. നിയമനത്തിന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അംഗീകാരം നല്‍കി. സിബി മാത്യൂസ് വിരമിക്കുന്ന ഒഴിവിലേക്കാണു നിയമനം. അതേസമയം, മറ്റ് അംഗങ്ങളുടെ നിയമനം സംബന്ധിച്ചു തീരുമാനമായില്ല. ഇക്കാര്യത്തി ല്‍ ഗവര്‍ണര്‍ സര്‍ക്കാരിനോടു കൂടുതല്‍ വിശദീകരണം തേടി.
അംഗങ്ങളായി സര്‍ക്കാര്‍ സമര്‍പ്പിച്ച പേരുകളെ സംബന്ധിച്ചു നിരവധി പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണറുടെ നടപടി. മുഖ്യ വിവരാവകാശ കമ്മീഷണറായി വിന്‍സന്‍ എം പോളിനെയും അഞ്ച് കമ്മീഷന്‍ അംഗങ്ങളെയും നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരായി നിലനിന്നിരുന്ന ഹരജി കഴിഞ്ഞമാസം ഹൈക്കോടതി തള്ളിയിരുന്നു. ഇവരെ നിയമിക്കുന്നതില്‍ നടപടിക്രമം പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ട്രാവന്‍കൂര്‍ ടൈറ്റാനിയം മുന്‍ എംഡി എസ് സോമനാഥന്‍ പിള്ളയാണ് ഹരജി നല്‍കിയത്. എന്നാല്‍, പൊതുജീവിതത്തില്‍ മാന്യത പുലര്‍ത്തുന്ന ശാസ്ത്ര സാമൂഹിക സാങ്കേതിക രംഗങ്ങളിലോ മറ്റേതെങ്കിലും മേഖലയിലോ പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്തിയാവണം മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കപ്പെടേണ്ടതെന്നു കോടതി പറഞ്ഞു.
ഇത്തരത്തില്‍ യോഗ്യതയുള്ള വ്യക്തികളെ തിരഞ്ഞെടുക്കുന്നതിന് സെലക്ഷന്‍ കമ്മിറ്റിക്ക് അധികാരമുണ്ടെന്നു വിവരാവകാശ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനം എടുത്തുവെങ്കില്‍ അതു തെറ്റാണെന്നു പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഗവര്‍ണറുടേതാണെന്നും കോടതി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണു സര്‍ക്കാര്‍ സമര്‍പ്പിച്ച ശുപാ ര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ എന്നിവരുള്‍പ്പെട്ട സമിതിയാണു സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണറായി വിന്‍സന്‍ എം പോളിനെ നിയമിക്കുന്നതിനു ശുപാര്‍ശ നല്‍കിയത്. വി എസിന്റെ വിയോജനക്കുറിപ്പോടെയായിരുന്നു ശുപാര്‍ശ.
വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോള്‍ ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചപ്പോഴാണ് ശുപാര്‍ശ നല്‍കിയത്. മുഖ്യവിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്ക് ഹരജിക്കാരനും അപേക്ഷ നല്‍കിയിരുന്നുവെന്നാണു ഹരജിയില്‍ പറഞ്ഞിരുന്നത്, എന്നാല്‍, നടപടിക്രമങ്ങള്‍ പാലിക്കാതെ രാഷ്ട്രീയതാല്‍പ്പര്യം കണക്കിലെടുത്ത് വിന്‍സന്‍ എം പോളിനെ നിയമിക്കുകയായിരുന്നുവെന്നു ഹരജിയില്‍ ആരോപിച്ചിരുന്നു. മുഖ്യവിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ് ഈമാസം 24ന് വിരമിക്കും.
Next Story

RELATED STORIES

Share it