Districts

വിന്‍സന്‍ എം പോളിന് ഐപിഎസ് അസോസിയേഷന്‍ പിന്തുണ

തിരുവനന്തപുരം: ബാര്‍കോഴ കേസിലെ പുനരന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ പദവിയൊഴിഞ്ഞ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിനെ പിന്തുണച്ചും ഡിജിപി ജേക്കബ് തോമസിനെ പരോക്ഷമായി വിമര്‍ശിച്ചും ഐപിഎസ് അസോസിയേഷന്‍ പ്രമേയം. ബാര്‍കോഴ വിധിയെ തുടര്‍ന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ വാക്‌പോര് ചര്‍ച്ച ചെയ്യാനാണ് ഐപിഎസ് അസോസിയേഷന്റെ അടിയന്തര യോഗം ചേര്‍ന്നത്.
ബാര്‍കോഴ കേസ് വിധിയെ അനുകൂലിച്ചും സര്‍ക്കാരിനെതിരേയും രംഗത്തുവന്ന ജേക്കബ് തോമസിന്റെ നിലപാടുകള്‍ക്കെതിരേ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. യോഗം അംഗീകരിച്ച പ്രമേയത്തില്‍ പേരുപറയാതെ ജേക്കബ് തോമസിനെ വിമര്‍ശിക്കുകയും ചെയ്തു. ഐപിഎസ് ഉദ്യോഗസ്ഥര്‍ പൊതുസമൂഹത്തില്‍ ഇടപെടുമ്പോ ള്‍ തൊഴിലിന്റെ അന്തസ്സും മാന്യതയും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പോലിസ് സര്‍വീസിന്റെ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വിന്‍സന്‍ എം പോള്‍ സ്വീകരിച്ച നിലപാടുകളെ യോഗം അഭിനന്ദിച്ചു. വിമര്‍ശനമാണോ അഭിനന്ദനമാണോ ലഭിക്കുന്നതെന്ന വേര്‍തിരിവില്ലാതെ ഔദ്യോഗിക കാര്യങ്ങളില്‍ എല്ലാകാലവും സത്യസന്ധത പുലര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
കീഴ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും പ്രശംസനീയമാണ്. അദ്ദേഹത്തിന്റെ നീതിബോധത്തെയോ തൊഴില്‍പരമായ പ്രതിബദ്ധതയെയോ ദുഷിപ്പിക്കാനോ തരംതാഴ്ത്തിക്കെട്ടാനോ ഒരു ശക്തിക്കും കഴിയില്ലെന്നും പ്രമേയം പറയുന്നു.
Next Story

RELATED STORIES

Share it