Flash News

'വിന്‍സണ്‍ പോള്‍ പ്രവര്‍ത്തിച്ചത് മാണിയെ കുറ്റവിമുക്തനാക്കാന്‍', അപ്പീല്‍ പോകാന്‍ സര്‍ക്കാരിനെ വെല്ലുവിളിയ്ക്കുന്നു: വി എസ്

തിരുവനന്തപുരം : സിആര്‍പിസിയും വിജിലന്‍സ് മാന്വലും അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതിനു പകരം സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കെ എം മാണിയെ കുറ്റവിമുക്തനാക്കാന്‍ പ്രവര്‍ത്തിച്ചതു കൊണ്ടാണ് കോടതി വിജിലന്‍സ് ഡയരക്ടര്‍ വിന്‍സണ്‍ എം പോളിനെ വിമര്‍ശിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ബാര്‍ കേസില്‍ വിജിലന്‍സ് കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ പോകാന്‍ താന്‍ സര്‍ക്കാരിനെ വെല്ലുവിളിയ്ക്കുകയാണെന്നും വി എസ് പറഞ്ഞു.

വിന്‍സണ്‍ എം പോള്‍ മുഖ്യമന്ത്രിയുടെയും കെ എം മാണിയുടെയും നിര്‍ബന്ധത്തിന് വഴങ്ങി പ്രവര്‍ത്തിക്കുകയായിരുന്നു. ചീഫ് ജസ്റ്റീസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദ്ദേശം വിജിലന്‍സ് വിന്‍സണ്‍ എം പോള്‍ തള്ളിക്കളഞ്ഞതിനെ വിജിലന്‍സ് കോടതി അതിശക്തമായി വിമര്‍ശിച്ചിട്ടുണ്ടെന്നും വി എസ് ആരോപിച്ചു. നിയമപ്രകാരവും സുപ്രീംകോടതിയുടെ വിവിധ ഉത്തരവുകള്‍ പ്രകാരവും മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും, ബാഹ്യമായ ഒരുപദേശങ്ങള്‍ക്കും വഴങ്ങാന്‍ പാടില്ലായെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശമെന്നും വി എസ് ചൂണ്ടിക്കാട്ടി.

വിജിലന്‍സ് കോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. കൈക്കൂലി വാങ്ങിയതിന്റെ സാഹചര്യ തെളിവുകളും, ഇതിനാധാരമായ സുപ്രീംകോടതി വിധികളും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസില്‍ അപ്പീല്‍ പോകുന്നില്ല എന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്്. രാജിവയ്ക്കുകയുമില്ല, അപ്പീല്‍ പോകുകയുമില്ല എന്നത് ആണും പെണ്ണും കെട്ട സമീപനമാണ്. എന്ത് അപമാനം സഹിച്ചും ഭരണത്തില്‍ തുടരുമെന്ന് പരസ്യമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്നും വി എസ് പരിഹസിച്ചു.
ജനകീയ കോടതി തീരുമാനിക്കട്ടെ എന്നാണ് കെപിസിസി പ്രസിഡന്റ് സുധീരന്‍ പറഞ്ഞത്്. തൊണ്ടിമുതലോടെ കള്ളനെ പിടിച്ചാല്‍ നാട്ടുകാര്‍ എന്താണ് ചെയ്യുന്നതെന്ന് സുധീരറിയാം. അങ്ങനെ നാട്ടുകാര്‍ കൈകാര്യം ചെയ്യട്ടേ എന്നുപറഞ്ഞ് കൈകഴുകുന്ന രീതിയിലേക്ക് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയം അധഃപതിച്ചിരിക്കുന്നു എന്നും വിഎസ് ആരോപിച്ചു.
Next Story

RELATED STORIES

Share it