thrissur local

വിനോദസഞ്ചാര വികസനത്തിനുള്ള കാത്തിരിപ്പ് നീളുന്നു

മാള: പ്രകൃതിരമണീയമായ കരിങ്ങോള്‍ചിറയുടെ വിനോദ സഞ്ചാര വികസനത്തിനായുള്ള കാത്തിരുപ്പ് നീളുന്നു. നോക്കെത്താദൂരം പരന്ന് കിടക്കുന്ന കരിങ്ങോള്‍ചിറ പുഴയും ഗ്രാമവും കഴിഞ്ഞ വര്‍ഷം മുസിരിസ് പൈതൃക പദ്ധതിയില്‍ ഇടം നേടിയെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ല. വികസനം പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ കരിങ്ങോള്‍ചിറയെ മുസിരിസ് പൈതൃക പദ്ധതിയി ല്‍ ഉള്‍പ്പെടുത്തിയതായി കൊടുങ്ങല്ലൂര്‍ എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍ 2017 ഒക്ടോബറിലാണ് പ്രഖ്യാപിച്ചത്. വിനോദസഞ്ചാര വികസനത്തില്‍ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തിന്റെ പ്രാധാന്യവും സാദ്ധ്യതകളും എന്ന വിഷയത്തില്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാലയിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുല്ലൂറ്റില്‍ നടന്ന ശില്‍പശാല ഉദ്ഘാടനം ചെയ്തത്. പുത്തന്‍ചിറ പഞ്ചായത്തിലെ കരിങ്ങോള്‍ച്ചിറയുടെ മനോഹാരിതക്ക് മാറ്റുകൂട്ടാന്‍ പുഴയോരത്ത് പാര്‍ക്കും പൈതൃക മ്യൂസിയവും വിശ്രമ കേന്ദ്രവും ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാഥാര്‍ഥ്യമാക്കുമെന്ന് യോഗത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഉറപ്പുനല്‍കിയിരുന്നു.
ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ നിരവധി നീര്‍പക്ഷികളുടെ പറുദീസയായ കരിങ്ങോള്‍ചിറയില്‍ മനോഹര കാഴ്ചകള്‍ കാണാനും വൈകുന്നേരങ്ങളില്‍ വിശ്രമിക്കുന്നതിനുമായി നിത്യേന ധാരാളമാളുകള്‍ എത്തുന്നുണ്ട്. സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി കരിങ്ങോള്‍ചിറയെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടായില്ല. കരിങ്ങോള്‍ചിറയെ പ്രകാശ പൂരിതമാക്കാന്‍ സോളാര്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്നും എംഎല്‍എ അറിയിച്ചിരുന്നു. അഞ്ച് പതിറ്റാണ്ട് മുന്‍പുവരെ കോട്ടപ്പുറം ചന്തയിലേക്ക് ജലഗതാഗതം നടന്നിരുന്ന ചരിത്രമുറങ്ങുന്ന കരിങ്ങോള്‍ചിറയുടെ തീരത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി ഇവിടെ പാര്‍ക്കും പൈതൃക മ്യൂസിയവും സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമാണ്.
കരിങ്ങോള്‍ചിറ പുഴയുടെ ഓരം ചേര്‍ന്നുള്ള യാത്ര അവിസ്മരണീയമായ കാഴ്ചാനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. താമരക്കോഴി, കരിന്തലയന്‍ ഐബീസ് ഇനത്തില്‍പെട്ട കൊക്കുകള്‍, വെള്ളരിക്കൊക്കുകള്‍, താറാവ്എരണ്ടകള്‍, കല്ലന്‍എരണ്ടകള്‍, ചട്ടുകകൊക്ക്, പുളിച്ചുണ്ടന്‍ കൊതുമ്പന്നം, ആളകള്‍, പച്ച ഇരണ്ട, ചേരക്കോഴി, വര്‍ണ്ണകൊക്ക്, നീര്‍കാക്കകള്‍, കുളക്കോഴി തുടങ്ങിയ നിരവധി നീര്‍പക്ഷികളെയും ദേശാടന പക്ഷികളെയും മറ്റും ഇവിടെ കാണാന്‍ കഴിയും. ഈ മനോഹര കാഴ്ചകള്‍ കാണുന്നതിനായി ഗ്രാമീണ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പടുത്തി ഇവിടെ ഉല്ലാസ ബോട്ട് യാത്രക്ക് അവസരമൊരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
കരിങ്ങോള്‍ചിറയിലുള്ള പൈതൃക സ്മാരകങ്ങള്‍ മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൈതൃക മ്യൂസിയമായി വികസിപ്പിക്കാനുള്ള സാദ്ധ്യതകളുണ്ട്. കരിങ്ങോള്‍ചിറയിലെ വൈവിദ്യമാര്‍ന്ന മത്സ്യ സമ്പത്ത് വീണ്ടെടുത്ത് സംരക്ഷിക്കാന്‍ നടപടിയുണ്ടാകണമെന്നും അപൂര്‍വ്വ ഇനം പുഴമീനുകളുടെ വിപണന കേന്ദ്രമായി കരിങ്ങോള്‍ചിറയെ വികസിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും കരിങ്ങോള്‍ചിറ കൂട്ടായ്മ പ്രസിഡന്റ് സാലി സജീര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it