വിനോദസഞ്ചാര വകുപ്പിന്റെ കെട്ടിട നിര്‍മാണത്തില്‍ അഴിമതി

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: വിനോദസഞ്ചാരവകുപ്പിന്റെ കീഴില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കാലിക്കറ്റ് സര്‍വകലാശാലാ കാംപസില്‍ നിര്‍മിച്ച ടേക്ക് എ ബ്രേക്ക് കെട്ടിട നിര്‍മാണത്തില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ആരോപണം. 46 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിന് ഇതിന്റെ മൂന്നിലൊന്നു പോലും ചെലവഴിച്ചിട്ടില്ലെന്ന് സര്‍വകലാശാലയിലെ എന്‍ജിനീയര്‍മാരും കരാറുകാരും പറയുന്നു. ഇതിനെതിരേ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തുവരാനിരിക്കുകയാണ്. സര്‍വകലാശാലാ ബസ്്‌സ്റ്റോപ്പ് പരിസരത്ത് ദേശീയപാതയോരത്തായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സര്‍വകലാശാലയ്ക്കാണ്. എന്നാല്‍, സര്‍വകലാശാലയുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചാണ് കെട്ടിടത്തിനുള്ളിലെ വരുമാന സ്രോതസ്സിനുള്ള കച്ചവട മാര്‍ഗങ്ങള്‍ ടൂറിസം കൗണ്‍സില്‍ ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്.

ഇതിനെതിരേ വാഴ്‌സിറ്റി അധികാരികള്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു.ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിക്ക് സര്‍വകലാശാലാ രജിസ്ട്രാര്‍ നല്‍കിയ പരാതിയനുസരിച്ച് നേരത്തേ നടത്തേണ്ടിയിരുന്ന കെട്ടിടോദ്ഘാടന ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു. പ്രതിമാസം മുപ്പത്തി ആറായിരം രൂപ വരുമാനം പ്രതീക്ഷിക്കുന്ന കെട്ടിടത്തിനകത്തെ വിവിധ വരുമാനമാര്‍ഗങ്ങളില്‍നിന്നുള്ള  ചെറിയ ശതമാനം മാത്രമാണ് സര്‍വകലാശാലയ്ക്കു നല്‍കുക. എന്നാല്‍, മുന്‍ വി.സിയുടെ കാലത്തുണ്ടാക്കിയ കരാര്‍പ്രകാരം വരുമാനത്തിന്റെ മുഴുവന്‍ അവകാശവും സര്‍വകലാശാലയ്ക്കാണെന്ന് വ്യക്തമാക്കിയിരുന്നു. കുളിമുറി, മൂത്രപ്പുര, കൂള്‍ബാര്‍, വാഹന പാര്‍ക്കിങ്, ബുക്ക് സ്റ്റാള്‍ തുടങ്ങിയവയില്‍നിന്നാണ് പ്രതിമാസം 36,000 രൂപ വരുമാനം പ്രതീക്ഷിക്കുന്നത്.

ചുറ്റുമതില്‍ കെട്ടാതെ കെട്ടിടം നിലനിര്‍ത്തിയതിനു പിന്നില്‍ സര്‍വകലാശാലയുടെ പരിസരത്തു കിടക്കുന്ന സ്ഥലത്തെല്ലാം പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നതിനാണ് നീക്കം. ഭൂമിദാന വിവാദമുണ്ടായ സര്‍വകലാശാലയില്‍ വിനോദസഞ്ചാരവകുപ്പിനെ മുന്നില്‍നിര്‍ത്തി കെട്ടിടമുണ്ടാക്കുകയും ഇതിന്റെ മറവില്‍ സ്വകാര്യ വ്യക്തികള്‍ക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്നതിനുമാണ് വഴിയൊരുക്കിയിരിക്കുന്നത്. എം.ഒ.യു. പോലും ഒപ്പുവയ്ക്കാതെയാണ്  കെട്ടിടത്തിനു നമ്പര്‍ വാങ്ങിക്കൊടുത്ത് വന്‍ സാമ്പത്തിക ക്രമക്കേടിനു സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് വഴിയൊരുക്കുന്നത്. സര്‍വകലാശാലയില്‍ പ്രതിദിനമെത്തുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ സര്‍വകലാശാലാ ജീവനക്കാര്‍ക്കോ യാതൊരു തരത്തിലുള്ള നേട്ടവും ടൂറിസം കൗണ്‍സിലിന്റെ കെട്ടിടം കൊണ്ടുണ്ടാവില്ല.
Next Story

RELATED STORIES

Share it