palakkad local

വിനോദസഞ്ചാര മേഖല വന്‍ കുതിപ്പിലേക്ക്; പോത്തുണ്ടി, മംഗലംഡാം നവീകരിക്കുന്നു

വടക്കഞ്ചേരി: വിനോദ സഞ്ചാര രംഗത്ത് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോത്തുണ്ടി, മംഗലംഡാം നവീകരിക്കുന്നു. മംഗലംഡാം ഉദ്യാനത്തിന്റെ നവീകരണ  വികസന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം 31ന് നടക്കും. രാവിലെ 9 30ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ ഡി പ്രസേനന്‍ എംഎല്‍എ അധ്യക്ഷനാകുന്ന ചടങ്ങില്‍ പി കെ ബിജു എംപി മുഖ്യാതിഥിയായിരിക്കും. 4.76 കോടിയുടെ വികസനങ്ങളാണ് മംഗലം ഡാമില്‍ നടക്കുന്നത്.
പ്രകൃതി സൗഹൃദമായ രീതിയില്‍ പ്രവൃത്തികള്‍ വിഭാവനം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. പൂന്തോട്ടങ്ങളുടെ നവീകരണം, വിശ്രമകേന്ദ്രങ്ങള്‍, പാര്‍ക്കിംഗ് ഏരിയ, തുടങ്ങിയവയെല്ലാം നവീകരണത്തിന്റെ ഭാഗമായി ഉണ്ടാകും.നിലവിലുള്ള കുട്ടികളുടെ പാര്‍ക്ക് വിപുലപ്പെടുത്തി ഡാം കെട്ടിന്റെ തൊട്ടടുത്ത് സ്ഥാപിക്കും. ഇപ്പോള്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കലാപരിപാടികളും മറ്റും അവതരിപ്പിക്കാന്‍ ഓപണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മിക്കും. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് മരങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് കയറിലൂടെ നടക്കാനുള സൗകര്യങ്ങളും വിഭാവനം ചെയ്യുന്നുണ്ട്.
ഡാമിനകത്ത് കൊട്ടവഞ്ചിയില്‍ സവാരി നടത്തുന്നതിനും കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുമെല്ലാം വരും ദിവസങ്ങളില്‍ പരിഗണന നല്‍കും.
ഡാമിന്റെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൂടി ആരംഭിച്ച സാഹചര്യത്തില്‍ പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച മംഗലംഡാമിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.കെ ഡി പ്രസേനന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു വേണ്ടി കേന്ദ്രസംസ്ഥാന ടൂറിസം വകുപ്പ് കള്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. 18 മാസം കൊണ്ട് നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പോത്തുണ്ടി ഡാമിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 31ന് നിര്‍വഹിക്കും.
Next Story

RELATED STORIES

Share it