thrissur local

വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് ജലസമൃദ്ധിയാല്‍ ചാത്തന്‍ചിറ ഡാം

വടക്കാഞ്ചേരി: നഗരസഭാ പരിധിയിലുള്‍പ്പെട്ട ചാത്തന്‍ചിറ ഡാം ഇന്ന് ജലസമൃദ്ധിയാല്‍ ആകര്‍ഷിക്കപ്പെടുന്ന ഒരു വിനോദ സഞ്ചാര മേഖലയായി മാറികഴിഞ്ഞിരിക്കുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പ്രദേശത്തെ കര്‍ഷകര്‍ക്ക് ജലസേചനത്തിനുള്ള സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ്  വനപ്രദേശത്തോടു ചേര്‍ന്ന് ഇവിടെ ഡാം പണി കഴിപ്പിച്ചത്.
വേനല്‍ കാലത്തു പോലും ഇവിടെ ജലസമൃദ്ധിയുണ്ടായിരുന്നത് ഈ പ്രദേശത്തുകാര്‍ക്ക് ഏറെ അനുഗ്രഹമുമായിരുന്നു. എന്നാല്‍ പിന്നീട് ചെളിയും മണ്ണും അടിഞ്ഞുകൂടുകയും ജലസംഭരണ ശേഷി നഷ്ടമാവുകയും ചെയ്തു. ഡാമിന്റെ പരിസര പ്രദേശങ്ങള്‍ കയ്യേറ്റക്കാരുടെ പിടിയിലാവുകയും ചെയ്തു. ചാത്തന്‍ചിറ ഡാം സംരക്ഷിക്കണമെന്ന ആവശ്യവുമായി സമീപവാസികളും കര്‍ഷകരും പ്രക്ഷോഭരംഗത്തിറങ്ങുകയും ചെയ്തതോടെ വടക്കാഞ്ചേരി നഗര സഭ സ്ഥലം ഏറ്റെടുക്കുകയും നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അടിഞ്ഞു കൂടിയ മണ്ണും ചെളിയും പൂര്‍ണ്ണമായി നീക്കം ചെയ്തതോടെ കാലവര്‍ഷം ആരംഭിച്ച് ദിവസങ്ങള്‍ കൊണ്ടു തന്നെ ഡാം ജലസമ്പന്നമായി.
ചുറ്റും പ്രകൃതി മനോഹരമായ കുന്നുകളും മലനിരകളും കൊണ്ട് സമ്പുഷ്ടമായ ഇവിടത്തെ മനോഹാരിത ദര്‍ശിക്കാന്‍ ഇന്ന് നൂറുകണക്കിനാളുകളാണ് ഇവിടെയെത്തുന്നത്.
മികച്ച ഒരു ടൂറിസം കേന്ദ്രമായി ഇവിടം മാറുമെന്നതിന്റെ തെളിവാണ് ഇവിടെയെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തിലെ വര്‍ദ്ധനവ്. വാഴാനി ഡാം, പൂമല ,ചാത്തന്‍ ചിറ, ചെറു ചക്കി ചോല, ഇരുന്നിലം കോട് ഗുഹാക്ഷേത്രം എന്നിവയെ കോര്‍ത്തിണക്കിയാല്‍ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകളാണ് ഈ പ്രദേശത്തുള്ളത്. ചാത്തന്‍ചിറ ഡാമിനോടു ചേര്‍ന്ന് മനോഹരമായ പൂന്തോട്ടം, സിമന്റ് ബഞ്ച്, റാമ്പ് എന്നിവ നിര്‍മ്മിക്കാന്‍ പദ്ധതിയുള്ളതായി നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എന്‍ കെ പ്രമോദ് കുമാര്‍, കൗണ്‍സിലര്‍ സലാം അറിയിച്ചു.
Next Story

RELATED STORIES

Share it