വിനീത് ജോഷി എന്‍ടിഎയുടെ ആദ്യ ഡയറക്ടര്‍ ജനറല്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യച്ചോര്‍ച്ച വിവാദത്തിനിടെ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യുടെ ഡയറക്ടര്‍ ജനറലായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിനീത് ജോഷിയെ  നിയമിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വേണ്ടി സിബിഎസ്ഇ, എഐസിടിഎഫ് തുടങ്ങിയ സമിതികള്‍ സംഘടിപ്പിക്കുന്ന പ്രവേശനപ്പരീക്ഷകള്‍ ഇനി എന്‍ടിഎ ആയിരിക്കും നടത്തുക. മണിപ്പൂര്‍ കാഡറിലെ 1992 ബാച്ച് ഐഎഎസ് ഓഫിസറായ ജോഷിയുടെ എന്‍ടിഎ ഡയറക്ടര്‍ ജനറല്‍ എന്ന നിലയിലെ കാലാവധി അഞ്ചു വര്‍ഷമായിരിക്കുമെന്ന് പേഴ്‌സനല്‍ മന്ത്രാലയം ഉത്തരവില്‍ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വേണ്ടി പ്രവേശനപ്പരീക്ഷകള്‍ നടത്താന്‍ എന്‍ടിഎ സ്ഥാപിക്കുമെന്ന് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ നവംബറില്‍ ഇതിന് അംഗീകാരം നല്‍കിയിരുന്നു.
ഇതോടെ പ്രവേശനപ്പരീക്ഷകള്‍ നടത്തുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നു സിബിഎസ്ഇ, എഐസിടിഎഫ് തുടങ്ങിയ സമിതികള്‍ ഒഴിവാകും.മാനവശേഷി വികസന മന്ത്രാലയം നിയമിക്കുന്ന പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായിരിക്കും എന്‍ടിഎയുടെ അധ്യക്ഷന്‍. വിവിധ സ്ഥാപനങ്ങളിലെ അംഗങ്ങളടങ്ങിയ ഭരണസമിതിയും എന്‍ടിഎക്കുണ്ടാവും.
Next Story

RELATED STORIES

Share it