Flash News

വിനീതിന്റെ പറക്കും ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ജയം

വിനീതിന്റെ പറക്കും ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ ജയം
X

നിഖില്‍ എസ് ബാലകൃഷ്ണന്‍

കൊച്ചി: ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു. തുടര്‍ സമനിലകള്‍ക്കും പരാജയത്തിനും ശേഷം കൊച്ചിയുടെ മണ്ണില്‍  നിലനില്‍പ്പിനായുള്ള പോരാട്ടം നയിച്ച ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ കീഴടക്കി വിജയവും വിലപ്പെട്ട മൂന്ന് പോയിന്റും സ്വന്തമാക്കി. മലയാളിതാരം സികെ വിനീത് നേടിയ (24ാം മിനിറ്റ്) ഗോളിനാണ് വടക്ക് കിഴക്കന്‍ കരുത്തിനെ മഞ്ഞപ്പട മറികടന്നത്. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് നിലയില്‍ ഏഴാം സ്ഥാനത്തേക്ക് കയറി. നോര്‍ത്ത് ഈസ്റ്റ് ഒരു സ്ഥാനം താഴേയ്ക്കിറങ്ങി എട്ടാം സ്ഥാനത്താണ് നിലവില്‍. ഇടവേളയ്ക്ക് ശേഷം വീണ്ടും കൊച്ചിയിലെത്തിയ ടീം ഉടമ സചിനെ സാക്ഷി നിര്‍ത്തിയാണ് ടീം ജയിച്ചുകയറിയത്. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ആദ്യമായി പന്ത് തട്ടാനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയിലെ വെസ് ബ്രൗണായിരുന്ന ഇന്നലത്തെ മല്‍സരത്തിലെ പ്രധാന ആകര്‍ഷണം. പ്രതിരോധ നിരയില്‍ സന്ദേശ് ജിങ്കനും ലകിക് പെസികിനുമൊപ്പം ബ്രൗണ്‍ കൂടി ചേര്‍ന്നതോടെ മികച്ച പ്രകടനമാണ് ടീം നടത്തിയത്. പരിക്കേറ്റ ബെര്‍ബച്ചോവിനെയും ഹ്യൂമിനെയും പുറത്തിരുത്തി സിഫ്‌നിയോസിന് സ്‌ട്രൈക്കറുടെ ചുമതല നല്‍കി  4-1-4-1 ശൈലിയിലാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കിറങ്ങിയത്. മറുവശത്ത് പരിക്ക് മാറി തിരികെയെത്തിയ ടിപി രഹനേഷ് എന്ന വിശ്വസ്തനെ തന്നെയാണ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ പോസ്റ്റിന്റെ താക്കോല്‍ ഏല്‍പ്പിച്ചത്. ഡാനിലോ ലോപ്പസ് എന്ന ഏക സ്‌ട്രൈക്കറെ മുന്നില്‍ നിര്‍ത്തി 4-2-3-1 ഫോര്‍മേഷനിലാണ് നോര്‍ത്ത് ഈസ്റ്റ് കളത്തിലിറങ്ങിയത്. സംഭവബഹുലമായിരുന്നു ആദ്യപകുതി. കളിയുടെ നാലാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ്  ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്ക് ആക്രമണം നടത്തി. മധ്യ നിരയില്‍ നിന്ന് പന്തുമായെത്തിയ പത്താം നമ്പര്‍ താരം ബോക്ഗ്രിഗോറിയോ ജൂനിയര്‍ ബോക്‌സിനുള്ളില്‍ നിന്ന് ഷോട്ട് ഉതിര്‍ത്തുവെങ്കിലും ഗോളി റെച്ചുബ്കയെ മറി കടക്കുവാനായില്ല.    14ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് അവസരം. ഇക്കുറി പന്തുമായി മുന്നേറിയ പെക്കുസണ്‍ ഉയര്‍ത്തി നല്‍കിയെങ്കിലും മുന്നിലേക്ക് പാഞ്ഞെത്തിയ സിഫ്‌നിയോസിന് മുതലാക്കാന്‍ സാധിച്ചില്ല. അധികം താമസിക്കാതെ മഞ്ഞപ്പടയുടെ ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ച ആ ഗോള്‍ പിറന്നു. 24ാം മിനിറ്റ്. വലത് മൂലയിലേക്ക് അതിവേഗം കയറിവന്ന റിനോ ആന്റോ പന്ത് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കി. പ്രതിരോധ നിരയുടെ പിടിയില്‍ നിന്ന് കുതറി മാറി കുതിച്ചെത്തിയ സികെ വിനീത് നെടുനീളെ ചാടി പന്ത് നോര്‍ത്ത് ഈസ്റ്റ് വലയിലേക്ക് തലകൊണ്ട് മറിക്കുമ്പോള്‍ ഗോളി ടിപി രഹനേഷ് നിസഹായനായി നോക്കി നിന്നു. ഫോമില്ലാതെ ഉഴറുന്ന വിനീതിന്റെ മടങ്ങിവരവ് പ്രകടമാക്കിയതായിരുന്നു ആ ഫിനിഷ്.  38ാം മിനിറ്റില്‍ വിനീതിന് വീണ്ടും ലീഡ് ഉയര്‍ത്തുവാന്‍ അവസരം. ബോക്‌സിലേക്ക് ഉയര്‍ന്നെത്തിയ പന്തില്‍ വിനീത് ചാടി വീണെങ്കിലും രഹനേഷിന്റെ ഇടപെടല്‍ ടീമിനെ രക്ഷിച്ചു. 43ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരതാരം സിഫ്‌നിയോസിനെ വീഴ്ത്തിയതിന് ടിപി രഹനേഷിന് ചുവപ്പുകാര്‍ഡ്. എതിരാളികള്‍ പത്ത് പേരായി ചുരുങ്ങിയതോടെ കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ഇറങ്ങിയത്.  രഹനേഷിന് പകരം ഗോള്‍ മുഖം കാക്കുവാനെത്തിയ രവി കുമാറിന് വിശ്രമമില്ലാത്ത നിമിഷങ്ങളാണ് കടന്നുപോയത്.  ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചങ്കിടിപ്പ് കൂട്ടി അവസാന മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വല കുലുക്കാനായില്ല. അവസാന മിനിറ്റില്‍ പകരക്കാരന്റെ റോളില്‍ ഹ്യൂം മൈതാനത്തേക്ക് എത്തിയെങ്കിലും ലോങ് വിസില്‍ മുഴങ്ങി.
Next Story

RELATED STORIES

Share it