വിധി പുറപ്പെടുവിക്കുന്നത് വികാരത്തിന്റെ അടിസ്ഥാനത്തിലാവരുത്: ചീഫ് ജസ്റ്റിസ്‌

കൊച്ചി: കേസുകളില്‍ ജഡ്ജിമാര്‍ വിധി പുറപ്പെടുവിക്കുന്നത് വികാരത്തിന്റെ അടിസ്ഥാനത്തിലാവരുതെന്ന് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്.
ന്യായാധിപ പദവിയില്‍ നിന്നു വിരമിക്കുന്നതിനോടനുബന്ധിച്ച് ഫുള്‍കോര്‍ട്ട് റഫറന്‍സിലൂടെ തനിക്ക് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ആന്റണി ഡൊമിനിക്. സ്വന്തം നയങ്ങള്‍ക്കനുസരിച്ച് വിധിപറയുന്ന രീതിയും ജഡ്ജിമാര്‍ക്ക് ഉചിതമല്ല. അത് നിയമനിര്‍മാണ സഭകളുടെ ജോലിയാണ്.  ശരിയായതും വൈദഗ്ധ്യം നിറഞ്ഞതുമായ നീതി നിര്‍വഹണത്തെ ആശ്രയിച്ചാണ് എല്ലാ സര്‍ക്കാര്‍ മേഖലയുടെയും അന്തസ്സും നിലനില്‍പ്പുമുള്ളത്. സമൂഹത്തിനുള്ള എല്ലാ അനുഗ്രഹങ്ങളും ജനങ്ങളുടെ ധാര്‍മികതയുമെല്ലാം ഇതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന തോമസ് ജെഫേഴ്‌സണെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ധാര്‍മിക രോഷവും ഭയപ്പാടുമെല്ലാം നീതിനിര്‍വഹണത്തിലെ നുഴഞ്ഞുകയറ്റക്കാരാണ്. താനാണ് ശരിയെന്ന രീതിയിലാവും അവരുടെ പ്രവര്‍ത്തനം. വലിയ അജ്ഞതയില്‍ നിന്നാണ് വലിയ ആത്മവിശ്വാസമുണ്ടാവുകയെന്നാണ് പറയാറുള്ളത്. എല്ലാ ജഡ്ജിമാരെയും പോലെ തന്റെ പരിധി താന്‍ തിരിച്ചറിയുന്നു. തന്റെ ദൗര്‍ബല്യം തിരിച്ചറിയുന്നതാണ് ഒരു ജഡ്ജിയുടെ ശക്തി. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും വിധികളില്‍ നിയമം പ്രതിഫലിക്കണമെന്നും തിരിച്ചറിയുന്നവര്‍ ഒരിക്കലും സ്വന്തം നയം ചേര്‍ത്തുകൊണ്ടായിരിക്കില്ല വിധി പുറപ്പെടുവിക്കുക. തന്റെ നയത്തിനനുസരിച്ച് തീരുമാനമെടുക്കാമെന്ന് ഒരു ജഡ്ജി വിശ്വസിക്കുന്നുവെങ്കില്‍ അത് ജുഡീഷ്യല്‍ വീഴ്ചയായി മാത്രമേ കാണാനാവൂവെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.
ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് സുരേന്ദ്ര മോഹന്‍, അഡ്വക്കറ്റ് ജനറല്‍, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സംസാരിച്ചു. സഹ ജഡ്ജിമാര്‍, ജുഡീഷ്യല്‍ നിയമ ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ജീവനക്കാര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it