kozhikode local

വിധി തളര്‍ത്തിയവര്‍ക്ക് താങ്ങും തണലുമേകി വീല്‍ചെയര്‍ കാംപയിന്‍

സ്വന്തം പ്രതിനിധി

മലപ്പുറം: വറ്റാത്ത കരുണയുടെ തെളിമ വിളംബരം ചെയ്ത് വീല്‍ചെയര്‍ കാംപയിന്‍. ഭിന്നശേഷിക്കാര്‍ക്ക് താങ്ങും തണലുമേകി മനുഷ്യസ്‌നേഹികളുടെ കൂട്ടായ്മ മലപ്പുറം നഗരത്തില്‍ നടത്തിയ റാലി പ്രതീക്ഷകളുടെ ചിറക് വിടര്‍ത്തുന്നതായി. ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തതയിലെത്തിക്കാന്‍ ലക്ഷ്യമിട്ട് ലോക ഭിന്നശേഷി ദിനത്തില്‍ നടന്ന വീല്‍ചെയര്‍ സൗഹൃദ കേരളം കാംപയിനാണ് ദയാലുക്കളുടെ സംഗമമായത്. വീല്‍ചെയര്‍ രോഗികളെ താങ്ങി കലക്ടറേറ്റിലേക്ക് നടന്ന റാലിയിലെ സന്നദ്ധപ്രവവര്‍ത്തകര്‍ക്കു പുറമെ നൂറുകണക്കിന് വിദ്യാര്‍ഥികളും പങ്കെടുത്തു. ഗ്രീന്‍ പാലിയേറ്റീവ് ചെയര്‍മാന്‍ ജസ്ഫര്‍ കോട്ടക്കുന്നും കടല്‍കടന്നെത്തിയ ജീവിത പങ്കാളി ഫാത്തിമ ദോഫയുമായിരുന്നു പരിപാടിയിലെ താരങ്ങള്‍. ചിത്രകാരന്‍കൂടിയായ ജസ്ഫര്‍ ഫേസ്ബുക്കിലൂടെയാണ് ഒമാനിലെ ഫാത്തിമയെ ജീവിത സഖിയാക്കിയത്. വൈകല്യത്തെ അതിജയിച്ച് വിശുദ്ധപ്രണയം. തലശ്ശേരി കേയീ കുടുംബാംഗമായ ഫാത്തിമ സലാലയിലെ അധ്യാപികയാണ്. വീല്‍ചെയര്‍ ഫ്രണ്ട്‌ലി സ്റ്റേറ്റ് എന്ന മുദ്രാവാക്യമുയര്‍ത്തി ഗ്രീന്‍ പാലിയേറ്റിവ് സംഘടന സംഘടിപ്പിച്ച റാലിക്ക് കലക്ടറേറ്റില്‍ പ്രൗഢ സ്വീകരണമാണ് ലഭിച്ചത്. ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ കലക്ടറേറ്റില്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കലക്ടറേറ്റില്‍ പുതുതായി റാംപ് സ്ഥാപിച്ചിരുന്നു. ഗ്രീന്‍ പാലിയേറ്റിവ് പ്രസിഡന്റ് ജസ്ഫര്‍ കോട്ടക്കുന്ന് സ്വന്തമായി വരച്ച പെയിന്റിങ് സ്വീകരണ ചടങ്ങില്‍ കലക്ടര്‍ക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ സക്കീന പുല്‍പാടന്‍, ജില്ലാ പഞ്ചായത്തംഗം ഉമ്മര്‍ അറയ്ക്കല്‍, ഭിന്നശേഷിയുള്ളവര്‍, വിവിധ കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it