Kollam Local

വിധിനിര്‍ണയം...ബഹളം...അടി...

കൊട്ടാരക്കര: റവന്യൂ ജില്ലാ കലോല്‍സവത്തിന്റെ നാലാംദിനം മിക്ക വേദികളിലും സംഘര്‍ഷാവസ്ഥ. വിധി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പലയിടത്തും കൈയാങ്കളിയുടെ വക്കോളമെത്തി.
സൗപര്‍ണിക ഓഡിറ്റോറിയത്തിലെ വേദി നാലില്‍ അറബനമുട്ട് മല്‍സരം ആരംഭിച്ചപ്പോള്‍ തന്നെ വാക്കേറ്റങ്ങളും തുടങ്ങിയിരുന്നു. സ്ഥിരമായി ഒരു പരിശീലകന്റെ കീഴിലുള്ള മല്‍സരാര്‍ഥികള്‍ക്ക് മാത്രം സമ്മാനങ്ങള്‍ ലഭിക്കുന്നുവെന്നായിരുന്നു മറ്റ് പരിശീലകരുടെ ആരോപണം.
പോലിസിന്റേയും സംഘാടകരുടേയും ഇടപെടലിനെ തുടര്‍ന്ന് ഈ മല്‍സരം പൂര്‍ത്തിയാക്കിയ ശേഷം ദഫ് മുട്ട് മല്‍സരം ആരംഭിക്കുമ്പോള്‍ വീണ്ടും പ്രശ്‌നങ്ങളായി.
ദഫ്മുട്ട് തുടങ്ങുമ്പോള്‍ ജഡ്ജിനെ മാറ്റണമെന്ന് പറഞ്ഞ് ഒരു കൂട്ടം വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്റ്റേജ്മാനേജരെ കൈയേറ്റം ചെയ്തു. കഴിഞ്ഞ വര്‍ഷം സമ്മാനം നേടിയ സ്‌കൂളിലെ പരിശീലകന്റെ സഹപരിശീലകനാണ് ഇവിടെ വിധികര്‍ത്താവായി എത്തിയതെന്ന് കൊട്ടാരക്കര ബിഎച്ച്എസ് വിദ്യാര്‍ഥികള്‍ പരാതി ഉയര്‍ത്തി. ഇതേ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വേദിയിലെ പരിപാടി നിര്‍ത്തിവച്ചു. തുടര്‍ന്ന് പോലിസ് ഇടപെട്ടാണ് മല്‍സരം തുടര്‍ന്നത്.
കഥാപ്രസംഗവേദിയില്‍ എച്ച്എസ് കഥാപ്രസംഗം കഴിഞ്ഞ് മൂന്ന് ജഡ്ജസും കൂടി ഒന്നിച്ച് പുറത്തുപോയി  ഫോണില്‍ സംസാരിച്ചതിനെ രക്ഷിതാക്കള്‍ എതിര്‍ത്തതുമൂലം ഇവിടെയും സമയം വൈകിയാണ് എച്ച്എസ്എസ് വിഭാഗം കഥാപ്രസംഗം ആരംഭിച്ചത്. മാര്‍ക്ക്ഷീറ്റില്‍ ഒരു കുട്ടിയുടെ മാര്‍ക്ക് രേഖപ്പെടുത്തിയില്ലെന്നുള്ള പരാതിയും ഉണ്ട്.
നങ്ങ്യാര്‍കൂത്ത് മല്‍സരത്തിനിടയിലും പ്രശ്‌നങ്ങള്‍ ഉണ്ടായി. രണ്ട് കുട്ടികളാണ് മല്‍സരിച്ചത്. മല്‍സരം കഴിഞ്ഞപ്പോള്‍ ഒരു കുട്ടിയുടെ രക്ഷിതാവ് മാര്‍ക്ക്ഷീറ്റ് നോക്കിയപ്പോള്‍ മാര്‍ക്ക് ഇട്ടിരുന്നില്ല. പ്രശ്‌നം രൂക്ഷമായപ്പോള്‍ പോലിസെത്തിയാണ് പരിഹാരം കണ്ടത്.
നങ്ങ്യാര്‍കൂത്തിലെ വിധികര്‍ത്താക്കള്‍ക്ക് ഈ കലയുമായൊരു ബന്ധവുമില്ലാത്തവരാണെന്ന ആക്ഷേപവും ഉയര്‍ന്നു. നങ്ങ്യാര്‍കൂത്ത് സ്ത്രീകള്‍ അവതരിപ്പിക്കുന്നതിനാല്‍ ഒരു വിധികര്‍ത്താവ് സ്ത്രീ ആയിരിക്കണമെന്ന മാനദണ്ഡവും പാലിക്കപ്പെട്ടില്ല.
സംസ്‌കൃതോല്‍സവത്തില്‍ ജില്ലയില്‍ നിന്നുള്ളവര്‍ തന്നെ വിധി കര്‍ത്താക്കളായി എത്തിയെന്ന ആരോപണവും ഉയര്‍ന്നു. ഇതുസംബന്ധിച്ച് കെഎസ്ടിഎഫ്(പി) ഭാരവാഹികള്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി.
യോഗ്യതയില്ലാത്ത വിധികര്‍ത്താക്കളെ വരുത്തിയാണ് കലോല്‍സവം നടത്തുന്നതെന്ന് വ്യപാക പരാതി ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it