വിധിക്കെതിരേ നിയമനിര്‍മാണം വേണം

തിരുവനന്തപുരം: രാജ്യെത്ത പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ തടയല്‍ നിയമത്തെ അസ്ഥിരപ്പെടുത്തുന്ന സുപ്രിം കോടതി വിധിക്കെതിരേ നിയമനിര്‍മാണം നടത്തണമെന്ന പ്രമേയം നിയമസഭ ഐകകണ്‌ഠ്യേന അംഗീകരിച്ചു. മന്ത്രി എ കെ ബാലനാണ് പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചത്.
വിധിക്കെതിരായി നിയമപരമായി സാധ്യമായ എല്ലാ വഴികളും സ്വീകരിക്കണമെന്നും വിധിയുടെ ദൂഷ്യഫലങ്ങള്‍ മറികടക്കാന്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും നിയമസഭ പാസാക്കിയ പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ആശങ്കയിലായ രാജ്യത്തെ പട്ടികവിഭാഗങ്ങള്‍ നടത്തുന്ന പ്രക്ഷോഭങ്ങളെ കേന്ദ്ര ഭരണകക്ഷി നയിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ വളരെ ക്രൂരമായാണ് നേരിടുന്നത്. സമരക്കാരെ നേരിട്ട പോലിസ് ഒമ്പതുപേരെ വെടിവച്ച് കൊന്ന നിഷ്ഠുര സംഭവത്തെയും സഭ ഐകകണ്‌ഠ്യേന അപലപിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കയും ശക്തമായ വിയോജിപ്പും പ്രതിഷേധവും കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രി തവാര്‍ചന്ദ് ഗെഹ്‌ലോട്ടിനെയും പട്ടികവര്‍ഗകാര്യമന്ത്രി ജുവ ഒറാമിനെയും രേഖാമൂലം അറിയിച്ചിട്ടുണ്ട്.
പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഉള്‍പ്പെടുന്ന പ്രതികളില്‍ പലരും വിചാരണാസമയത്ത് സ്വാധീനങ്ങളാല്‍ രക്ഷപ്പെടുന്ന സ്ഥിതിയാണ് പൊതുവിലുള്ളത്. എന്നാല്‍, ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഉടന്‍ ജാമ്യം ലഭിക്കില്ലായെന്നതും മുന്‍കൂര്‍ ജാമ്യത്തിന് വ്യവസ്ഥയില്ലാത്തതും ഈ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഒരു കാരണമായി നിലനില്‍ക്കുന്നുണ്ട്. ഈ നിയമസംരക്ഷണമാണ് സുപ്രിംകോടതി വിധി മൂലം ഇല്ലായ്മ ചെയ്യപ്പെട്ടത്. കടുത്ത ആശങ്കയാണ് ഈ വിധിയെ ത്തുടര്‍ന്ന് പട്ടികവിഭാഗങ്ങള്‍ക്കുള്ളത്. സുപ്രിംകോടതി വിധിപ്രകാരം സര്‍ക്കാര്‍ ജീവനക്കാരന്‍ പ്രതിസ്ഥാനത്ത് വരികയാണെങ്കില്‍ അയാളെ അറസ്റ്റ് ചെയ്യുന്നതിന് മേലുദ്യോഗസ്ഥന്റെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്ത ഒരാള്‍ പ്രതിസ്ഥാനത്ത് വരുന്ന പക്ഷം അയാളെ അറസ്റ്റ് ചെയ്യുന്നതിന് ജില്ലാ പോലിസ് സൂപ്രണ്ടിന്റെയും അനുമതി ലഭ്യമാക്കണം. അപ്രകാരം അറസ്റ്റ് ചെയ്യുന്നതിനുള്ള അനുമതി നല്‍കുന്നതിന് മേലുദ്യോഗസ്ഥന്‍ അല്ലെങ്കില്‍ സൂപ്രണ്ട് ഓഫ് പോലിസ്  വ്യക്തമായ കാരണം രേഖപ്പെടുത്തണം.
ഈ കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് പരിശോധിക്കണമെന്നും വ്യവസ്ഥചെയ്യുന്നു. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നത് വകുപ്പുതല അച്ചടക്ക നടപടികള്‍ക്കും പുറമെ കോടതിയലക്ഷ്യ നടപടികള്‍ക്കും കൂടി വിധേയമാക്കണമെന്നും വ്യവസ്ഥചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it