വിധിക്കെതിരേ ദേവസ്വം ബോര്‍ഡ് പുനപ്പരിശോധനാ ഹരജി നല്‍കണം: ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കിക്കൊണ്ടുള്ള സുപ്രിംകോടതി വിധിക്കെതിരേ ദേവസ്വംബോര്‍ഡ് പുനപ്പരിശോധനാ ഹരജി നല്‍കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
സുപ്രിംകോടതി വിധി ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതവും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുക്കേണ്ടതുണ്ട്. സുപ്രിംകോടതി അക്കാര്യവും പരിശോധിക്കണം. ശബരിമലയില്‍ വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കണമെന്നും സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം തുടരണമെന്നുമായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. 2016 ഫെബ്രുവരി 5ന് ഇതുസംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
എന്നാല്‍ തുടര്‍ന്നു വന്ന ഇപ്പോഴത്തെ ഇടതുസര്‍ക്കാര്‍ അത് തിരുത്തി പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന സത്യവാങ്മൂലം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചു. ഇടതുസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചപ്പോള്‍ ഇടതുമുന്നണിയുടെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡ് നേര്‍ വിപരീതമായി സ്ത്രീ പ്രവേശനത്തിന് നിയന്ത്രണം വേണമെന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്.
പൊതുജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടി ഇടതുമുന്നണി സ്വീകരിച്ച ഈ ഇരട്ട നിലപാട് കേസിനെ പ്രതികൂലമായി ബാധിക്കുകയും ഇത്തരമൊരു വിധിക്ക് വഴിവയ്ക്കുകയും ചെയ്തു. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും വിശ്വാസവും ആചാരങ്ങളും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതു ലംഘിക്കപ്പെടുന്നത് വലിയ ഒരു ജനസമൂഹത്തിന് മുറിവുണ്ടാക്കും- ചെന്നിത്തല അഭിപ്രായപ്പെട്ടു.



Next Story

RELATED STORIES

Share it