thiruvananthapuram local

വിധികര്‍ത്താക്കള്‍ക്ക് യോഗ്യതയില്ലെന്ന് ആക്ഷേപം; മോഹിനിയാട്ട വേദിയില്‍ സീന്‍ കോണ്‍ട്ര

തിരുവനന്തപുരം: മോഹിനിയാട്ട മല്‍സരത്തിന് നിശ്ചയിക്കപ്പെട്ട വിധികര്‍ത്താക്കള്‍ക്ക് അടിസ്ഥാന യോഗ്യത പോലും ഇല്ലെന്നാരോപിച്ച് വേദിയില്‍ നൃത്താധ്യാപകരുടേയും രക്ഷിതാക്കളുടേയും പ്രതിഷേധം. മല്‍സരം മൂന്നുമണിക്കൂര്‍ വൈകി.
വേദി നാലില്‍ (വിജെടി ഹാള്‍) ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് നടക്കേണ്ട മോഹിനിയാട്ട മല്‍സര വേദിയിലാണ് അധ്യാപകരുടേയും രക്ഷിതാക്കളുടേയും പ്രതിഷേധം ആളിക്കത്തിയത്. മൂന്നുമണിയായിട്ടും മല്‍സരം തുടങ്ങിയിരുന്നില്ല. തുടര്‍ന്ന് 3.15ഓടെ മല്‍സരം പ്രഖ്യാപിക്കുകയും വിധികര്‍ത്താക്കള്‍ ഇരിപ്പിടങ്ങളില്‍ ഇടം പിടിച്ചതോടെയുമാണ് പ്രശ്‌നം ആരംഭിച്ചത്.
വിധികര്‍ത്താക്കള്‍ മൂന്നുപേര്‍ക്കും യോഗ്യതയില്ലെന്നായിരുന്നു ആരോപണം. ഓള്‍ കേരളാ ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷനാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മല്‍സരാര്‍ഥിക്ക് കുറഞ്ഞ മാര്‍ക്ക് നല്‍കി പിന്നോട്ടടിപ്പിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചുവരുന്നതെന്നും ഡിപിഐ, സംഘാടക സമിതി എന്നിവരും വിധികര്‍ത്താക്കളും തമ്മില്‍ ഒത്തുകളിയാണെന്നും നൃത്താധ്യാപകരും രക്ഷിതാക്കളും ആരോപിച്ചു. സമരം ചൂടുപിടിച്ചതോടെ അസി. കമ്മീഷണര്‍ വി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമെത്തി. എന്നാല്‍ സംഭവം തങ്ങളുടെ കൈയിലും നില്‍ക്കില്ലെന്നറിഞ്ഞതോടെ പോലിസ് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായ വി ശിവന്‍കുട്ടി എംഎല്‍എയെ വിളിച്ചുവരുത്തി. വിധികര്‍ത്താക്കളെ മാറ്റിയില്ലെങ്കില്‍ എല്ലാ കുട്ടികള്‍ക്കും എ ഗ്രേഡ് കൊടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് സ്വീകാര്യമല്ലാതായതോടെ വാക്കുതര്‍ക്കങ്ങള്‍ക്കൊടുവില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കാന്‍ പോലിസ് തീരുമാനിക്കുകയായിരുന്നു. അധ്യാപകരേയും രക്ഷിതാക്കളേയും പുറത്താക്കി വാതിലടച്ച് മല്‍സരം തുടങ്ങാന്‍ അസി.കമ്മീഷണര്‍ നിര്‍ദ്ദേശം കൊടുത്തതോടെ പ്രതിഷേധവും വാക്കേറ്റവും പുറത്തായി. വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന വിധികര്‍ത്താക്കളെ മാറ്റാതെ യാതൊരു വിട്ടുവീഴ്ചക്കും ഇല്ലെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനിന്നതോടെ ഡിപിഐ ഡോ. എം എസ് ജയ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി മല്‍സരം ആരംഭിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it