വിദ്വേഷത്തിന്റെ വിഭിന്നാവിഷ്‌കാരങ്ങള്‍ - ഇന്ത്യന്‍ രാഷ്ട്രീയം അയോധ്യാനന്തരം- 2

സോയാ  ഹസന്‍

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിസ്മയജനകമായ വിജയം ബിജെപിക്ക് പുതിയ അവസരങ്ങള്‍ തുറന്നുകൊടുത്തു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തുനിന്ന് കോണ്‍ഗ്രസ്സിനെ മാറ്റി സ്വയം പ്രതിഷ്ഠിക്കാന്‍ ബിജെപിയെ സഹായിച്ച രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകളുടെ സംഘാതമായ ഹിന്ദുത്വ ദേശീയവാദ പ്രസ്ഥാനത്തിന് ഹിന്ദു രാഷ്ട്രനിര്‍മിതിക്കു വേണ്ടി മുന്നേറാനുള്ള അവസരമാണ് തിരഞ്ഞെടുപ്പു വിജയം സമ്മാനിച്ചത്. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്നും 'ഇന്ത്യന്‍ പൗരന്മാര്‍ ഹിന്ദുക്കളായാണ് അറിയപ്പെടുന്നതെ'ന്നും 2014 ആഗസ്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചതിലൂടെ ഈ അജണ്ടയുടെ വിളംബരമാണു നടന്നത്. ഇംഗ്ലണ്ടില്‍ ജീവിക്കുന്നയാള്‍ ഇംഗ്ലീഷുകാരെന്നും ജര്‍മനിയില്‍ ജീവിക്കുന്നവര്‍ ജര്‍മന്‍കാരെന്നും വിളിക്കപ്പെടുന്നതുപോലെ ഇന്ത്യക്കാരെ ഹിന്ദുക്കള്‍ എന്നു വിളിക്കണമെന്നും ഭാഗവത് പിന്നീട് ആവശ്യപ്പെട്ടു. ഹിന്ദുത്വ ദേശീയവാദികളുടെ പ്രധാന കര്‍മപരിപാടി ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം തിരുത്തിയെഴുതുകയെന്നതായിരുന്നു. ചരിത്രപരമായ ഒരു തെറ്റുതിരുത്തുക എന്ന ആശയത്തെ ചുറ്റിപ്പറ്റിയാണ് രാമജന്മഭൂമി പ്രസ്ഥാനം ഉടലെടുത്തത്. പ്രാകൃതരായ മുസ്‌ലിം ആക്രമണകാരികള്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു. ഈ അപമാനത്തിനു പ്രായശ്ചിത്തമായി ഹൈന്ദവ ദേവാലയങ്ങളുടെ പുനര്‍നിര്‍മാണമേ പരിഹാരമുള്ളൂ എന്നാണു വാദം. അധികാരവീണ്ടെടുപ്പിന്റെയും തെറ്റുകള്‍ തിരുത്തുന്നതിന്റെയും 464 വര്‍ഷം മുമ്പ്് വരുത്തിവച്ച അപമാനത്തിനു പ്രതികാരം വീട്ടുന്നതിന്റെയും പ്രതീകാത്മക കൃത്യമാണ് അവര്‍ക്ക് ബാബരി മസ്ജിദ് ധ്വംസനം.ഹിന്ദുത്വ ദേശീയവാദികള്‍ ചരിത്രത്തെ സമീപിക്കുന്നത് സാമൂഹിക ശത്രുതയിലും രാഷ്ട്രീയ വൈരത്തിലും ഊന്നിയാണ്. അതിനായി ഹിന്ദുവിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന ഒരു 'അപരനെ' ശത്രുവായി അവര്‍ നിര്‍മിച്ചെടുക്കുന്നു. ചരിത്രത്തിന്റെ വര്‍ഗീയ നിര്‍മിതിയുടെ ലക്ഷ്യമായി അവര്‍ കാണുന്നത് ഹിന്ദു ഏകീകരണവും ഹിന്ദുത്വമുന്നേറ്റവുമാണ്. യാഥാസ്ഥിതിക ബിംബങ്ങളും കെട്ടുകഥകളും ഉപയോഗിച്ച് തങ്ങള്‍ക്ക് അനുകൂലമായ ചരിത്രം അവര്‍ ഉണ്ടാക്കുന്നു. സ്വാതന്ത്ര്യസമരത്തിലുള്ള തങ്ങളുടെ പ്രകടമായ അസാന്നിധ്യം മറച്ചുവയ്ക്കുകയും അതിനു പകരംവയ്ക്കുകയും ചെയ്യുക എന്ന ഒരു ലക്ഷ്യംകൂടി ഈ ചരിത്രനിര്‍മാണ യജ്ഞത്തിനു പിന്നിലുണ്ട്. ചരിത്രത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ഈ ഉദ്യമത്തിന്റെ ഭാഗമായി മുസ്്‌ലിം ഭരണകാലത്തെ ഇന്ത്യാചരിത്രത്തിലെ ഇരുണ്ടയുഗമായി അവര്‍ വരച്ചുകാട്ടുന്നു. ചരിത്രത്തെയല്ല, ഭ്രമാത്മകവും വിചിത്രവുമായ ഭാവനാവിലാസങ്ങളെയാണ് എന്നും ആര്‍എസ്എസ് കൂട്ടുപിടിക്കുന്നത്. ഔറംഗസേബ് റോഡിന്റെ പേര് മാറ്റിയും താജ്മഹല്‍ വിവാദമുയര്‍ത്തിയും പ്രായോഗികതലത്തില്‍ അവര്‍ തങ്ങളുടെ പദ്ധതികള്‍ നടപ്പാക്കുകയാണ്. മുസ്‌ലിം ഭരണാധികാരികള്‍ നിര്‍മിച്ച ഏതു ചരിത്രസ്മാരകവും നിന്ദയും അവഹേളനവുമാണെന്നും ബാബരി മസ്ജിദ് തകര്‍ത്തതുപോലെ താജ്മഹല്‍ ഉള്‍പ്പെടെയുള്ളവ തകര്‍ക്കണമെന്നും അവര്‍ നിശ്ചയിക്കുന്നു. യുപിയിലെ ബിജെപി എംഎല്‍എ സംഗീത് സോം താജ്മഹലിനെ വിശേഷിപ്പിച്ചത് 'ഇന്ത്യന്‍ സംസ്‌കാരത്തിനുമേലുള്ള കളങ്ക'മെന്നാണ്. ഇന്ത്യന്‍ പൈതൃകങ്ങളില്‍ താജ്മഹലിന്റെ പദവിയെ ചോദ്യംചെയ്യുന്ന അദ്ദേഹം മുഗള്‍ ചക്രവര്‍ത്തിമാരുടെ ഓര്‍മകള്‍ മായ്ച്ചുകളഞ്ഞ് ഇന്ത്യാചരിത്രം തിരുത്തിയെഴുതണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് ഒറ്റപ്പെട്ട അഭിപ്രായപ്രകടനമല്ല. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ താജ്മഹലിനെ ഒഴിവാക്കിയും ഹിന്ദു തീര്‍ത്ഥാടനകേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയും യുപി സര്‍ക്കാര്‍ ബ്രോഷര്‍ പ്രസിദ്ധീകരിച്ചത് ഇതുമായി ചേര്‍ത്തുവായിക്കുക. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നേരെ, പ്രത്യേകിച്ച് മുസ്്‌ലിംകള്‍ക്കു നേരെ ഹിന്ദുത്വ ദേശീയവാദികള്‍ വന്‍തോതില്‍ വച്ചുപുലര്‍ത്തുന്ന മുന്‍വിധികളാണ് ഇതിലൂടെ വെളിവാകുന്നത്. കഴിഞ്ഞ രണ്ടു ദശകങ്ങളായി, തെറ്റിദ്ധാരണകളും മുന്‍വിധികളും ഉല്‍പാദിപ്പിച്ച മുസ്‌ലിംവിരുദ്ധത വിവിധ ചാനലുകളിലൂടെയും മാധ്യമങ്ങളിലൂടെയും ബോളിവുഡ് സിനിമകളിലൂടെയും പ്രസരിപ്പിക്കുകയായിരുന്നു. അവയുടെ ചിത്രീകരണങ്ങളിലെല്ലാം ഭീകരനും വിശ്വസിക്കാന്‍ കൊള്ളാത്തവനുമായ മുസ്്‌ലിമിന് ഒരിക്കലും ഒരു നല്ല പൗരനോ ജനാധിപത്യവാദിയോ ആകാനാവില്ലെന്ന സന്ദേശമാണ് കോറിയിടുന്നത്. ഇത് മുസ്്‌ലിംകളെക്കുറിച്ചുള്ള തെറ്റായ ഒരു പൊതുബോധനിര്‍മിതിക്ക് വലിയതോതില്‍ കാരണമാവുന്നുണ്ട്. വിശ്വസിക്കാന്‍ കൊള്ളാത്തവനും ജിഹാദിയുമാണ് ഇന്ത്യന്‍ മുസ്‌ലിമെന്ന പ്രതിച്ഛായാനിര്‍മിതിയിലൂടെ സംഭവിക്കുന്ന വര്‍ഗീയ ധ്രുവീകരണം ഭൂരിപക്ഷ സമുദായത്തിന്റെ രാഷ്ട്രീയ പിന്തുണയായും ഹിന്ദു ഏകീകരണമായും പരിവര്‍ത്തിപ്പിക്കാനും ഹിന്ദുത്വര്‍ക്കു കഴിയുന്നു. 'മുസ്‌ലിം ഭീകരത'യുടെ നിര്‍മാണ ഫലമായി ഹിന്ദുക്കളില്‍ സ്ഥിരമായ അരക്ഷിതബോധം സൃഷ്ടിക്കാനും ഭൂരിപക്ഷം ഈ രാജ്യത്ത് ഇരകളാണെന്ന തോന്നലുണ്ടാക്കാനും ന്യൂനപക്ഷങ്ങളെ കൂടുതലായി അവിശ്വസിക്കാനുള്ള സാഹചര്യം ഉളവാക്കുന്നതിലും അവര്‍ വിജയിക്കുന്നു. സാമൂഹികസംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കാനും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനുമുള്ള ഇരുതലമൂര്‍ച്ചയുള്ള ഒരു പുതിയ രാഷ്ട്രീയഭാഷയാണ് ഇതിലൂടെ ഉരുവപ്പെടുന്നത്. മുസ്‌ലിം ജനസംഖ്യാ വര്‍ധനയെക്കുറിച്ച് പെരുപ്പിച്ച നുണകള്‍ ഭൂരിപക്ഷ സമുദായത്തില്‍ ആശങ്ക വിതയ്ക്കുന്നതിനുള്ള മറ്റൊരു പ്രചാരണ തന്ത്രമാണ്. എന്നാല്‍, മുസ്‌ലിം ജനസംഖ്യാ വര്‍ധന നിരക്ക് ഹിന്ദുക്കളുടേതിനേക്കാള്‍ താഴേക്കാണ് അതിവേഗം പോയിക്കൊണ്ടിരിക്കുന്നത് എന്നതാണു യാഥാര്‍ഥ്യം. 'ലൗ ജിഹാദി'ലൂടെയും മതപരിവര്‍ത്തനത്തിലൂടെയും ഹിന്ദു ജനസംഖ്യ ഗണ്യമായി കുറയുന്നുവെന്ന അനാവശ്യ ഭീതി പരത്തുന്നതിലൂടെ 'ഘര്‍വാപസി'യെ ഒരു രാഷ്ട്രീയ ആയുധമാക്കാനും ഹിന്ദുത്വര്‍ക്കു കഴിയുന്നു. 1980കളില്‍ ബിജെപിയും അവരുടെ പിന്തുണക്കാരും മാത്രമേ ഇത്തരം തീവ്ര നിലപാടുകള്‍ പ്രകടിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നുള്ളൂ. 25 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യന്‍ മധ്യവര്‍ഗത്തിലും സാധാരണ ജനങ്ങളിലും വരെ മുസ്്‌ലിംവിരുദ്ധ തീവ്രാശയങ്ങള്‍ സ്വാധീനം നേടിക്കഴിഞ്ഞിരിക്കുന്നു. മുസ്‌ലിം അപരന്‍ മാത്രമല്ല, രാജ്യത്തിന്റെ പ്രശ്‌നങ്ങളുടെ മുഴുവന്‍ നാരായവേര് മുസ്‌ലിമാണെന്ന കാഴ്ചപ്പാട് മുമ്പെങ്ങുമില്ലാത്തവിധം വ്യാപകവും ശക്തവുമായിട്ടുണ്ടിന്ന്. ബീഫ്, ലൗ ജിഹാദ്, ഘര്‍വാപസി, ചരിത്രത്തിലെ മുഗളരുടെ പങ്ക്, മുസ്‌ലിം വ്യക്തിനിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്ന വിവാദങ്ങള്‍ക്കെല്ലാം ഒറ്റ ഉദ്ദേശ്യമേയുള്ളൂ. മുസ്്‌ലിംകള്‍ക്ക് മുമ്പുണ്ടായിരുന്നതില്‍ നിന്ന് തികച്ചും ഭിന്നമായ സ്ഥാനം മാത്രമുള്ള പുതിയ ഒരു ഇന്ത്യയാണിതെന്ന സന്ദേശം മുസ്്‌ലിംകള്‍ക്കു നല്‍കുക എന്ന ഒരേയൊരു ഉദ്ദേശ്യം. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ അരികുവല്‍ക്കരണത്തിന്റെ ഒരു പ്രത്യാഘാതമാണിത്. സ്വാതന്ത്ര്യലബ്ധിയുടെ ആദ്യഘട്ടങ്ങളില്‍ ലോക്‌സഭയിലോ ഭരണകക്ഷിക്ക് 300ലധികം സീറ്റുകളുണ്ടായിരുന്ന യുപി നിയമസഭയിലോ ഒരു മുസ്്‌ലിം പ്രതിനിധിപോലുമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഒരു മുസ്്‌ലിം സ്ഥാനാര്‍ഥിയെപ്പോലും യുപിയില്‍ മല്‍സരിപ്പിക്കാന്‍ കൂട്ടാക്കാതിരുന്നതിലൂടെ മുസ്്‌ലിം വോട്ടുകള്‍ തങ്ങള്‍ക്കു വേണ്ടതില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു ബിജെപി. മുസ്്‌ലിംകള്‍ക്ക് തങ്ങളനുവദിക്കുന്ന സ്ഥാനമെന്തെന്ന് വിളംബരപ്പെടുത്തുകയാണ് അവരിതിലൂടെ. പിന്നിട്ട ഏതാനും വര്‍ഷങ്ങളായി ഭൂരിപക്ഷ വര്‍ഗീയത മുഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രമുഖ സ്ഥാനം നേടുകയും എല്ലാ തലങ്ങളിലും അപരിഷ്‌കൃതവും കൂടുതല്‍ അക്രമാസക്തവുമായ രാഷ്ട്രീയപ്രയോഗം ആവിഷ്‌കരിക്കുകയും ചെയ്തുവരുകയാണ്. തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് നിന്നിരുന്നിടത്തു തന്നെ രാമക്ഷേത്രം പണിയുമെന്ന പ്രഖ്യാപനം അതിന്റെ അലയൊലികളിലൊന്നാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി അക്രമങ്ങളുടെ പാറ്റേണില്‍ വന്ന മാറ്റം ശ്രദ്ധേയമാണ്. വന്‍തോതിലുള്ള അക്രമങ്ങളില്‍ നിന്ന്, തീവ്രതയും ആളപായവും കുറഞ്ഞ ആക്രമണങ്ങളിലേക്കു മാറാന്‍ ഒരു കാരണമുണ്ട്. ചെറിയ കൂട്ടക്കൊലകള്‍ വന്‍തോതിലുള്ള കലാപങ്ങളെപ്പോലെ പൊതുശ്രദ്ധയില്‍ വരാതിരിക്കും എന്നുള്ളതാണത്. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലകളിലും അക്രമങ്ങളിലും ലക്ഷ്യംവയ്ക്കപ്പെട്ടത് മുസ്്‌ലിംകളാണ്. ഗോരക്ഷകരുടെ ആക്രമണങ്ങളും തല്ലിക്കൊലകളുമായി ബന്ധപ്പെട്ട് വന്ന ഒരു റിപോര്‍ട്ട് പ്രകാരം 2015 മുതല്‍ 24 സംഭവങ്ങളിലായി 34 പേര്‍ കൊല്ലപ്പെടുകയും രണ്ടു സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുകയും ചെയ്തു. ഇരകളില്‍ ബഹുഭൂരിപക്ഷവും മുസ്്‌ലിംകളായിരുന്നു. ജനരോഷത്തിന്റെ സ്വാഭാവിക പരിണതിയെന്നോണം സംഭവിച്ചതല്ല ഈ അക്രമങ്ങളൊന്നുംതന്നെ. ദീര്‍ഘകാലമായി നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിതവും വ്യവസ്ഥാപിതവുമായ പ്രചാരണങ്ങളുടെ പ്രത്യാഘാതമായിരുന്നു അവ. സമീപ ഭൂതകാലത്ത് ഗോരക്ഷയുടെ പേരിലുള്ള സംഭവങ്ങള്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെയും വിദ്വേഷഹിംസകളുടെയും രാസത്വരകമായി വര്‍ത്തിക്കുന്നതു കാണാം. ഹിന്ദുത്വ വലതുപക്ഷം മാത്രമേ ഹിന്ദുമതത്തിന്റെ സംരക്ഷകരായുള്ളൂ എന്ന തോന്നല്‍ സൃഷ്ടിക്കാനും ഈ അക്രമസംഭവങ്ങളിലൂടെ സാധിക്കുന്നു. ഹിന്ദുത്വ രാഷ്ട്രീയ പദ്ധതികള്‍ക്ക് ആധാരമായി യുപിയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് ബിജെപിയെ സഹായിച്ചത് അയോധ്യാപ്രസ്ഥാനമാണ്. രാമജന്‍മഭൂമി പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം മുതല്‍ ആദിത്യനാഥിന്റെ മുഖ്യമന്ത്രിപദവി വരെയുള്ള ഹിന്ദുത്വ ദേശീയവാദികളുടെ പദ്ധതികളുടെ ആസൂത്രണത്തിന്റെയും പ്രയോഗവല്‍ക്കരണത്തിന്റെയും പ്രഭവസ്ഥാനം യുപിയാണ്. യോഗി ആദിത്യനാഥിന്റെ അധികാരാരോഹണം ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷമാവുന്നതും അതുകൊണ്ടുതന്നെയാണ്. അധിക്ഷേപകരമായ പ്രസ്താവനകളിലൂടെ തലക്കെട്ടുകള്‍ പിടിച്ചെടുത്ത രാഷ്ട്രീയരസതന്ത്രത്തിന്റെ പ്രയോക്താവു കൂടിയാണ് യോഗി. ''എനിക്കൊരവസരം തന്നാല്‍ എല്ലാ പള്ളികളിലും ഞാന്‍ ഗണേശവിഗ്രഹം സ്ഥാപിക്കും'' തുടങ്ങിയ പ്രകോപനപരമായ പ്രസ്താവനകള്‍ അസ്വാഭാവികമല്ലാതാവുന്നത് അതുകൊണ്ടാണ്. കലഹപ്രിയത്വം മുഴച്ചുനില്‍ക്കുന്ന ഈ ഭാഷയാണ് 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജനപിന്തുണ നേടിക്കൊടുത്തത്. വര്‍ഗീയനീക്കങ്ങളിലൂടെ തന്നെയാണ് അധികാരം നിലനിര്‍ത്താന്‍ തങ്ങള്‍ ഇനിയും ശ്രമിക്കുകയെന്ന സന്ദേശം നല്‍കാനും ഇതിലൂടെ ബിജെപിക്ക് കഴിഞ്ഞു. വര്‍ത്തമാനകാലത്ത് മതേതരത്വം എതിര്‍പ്പ് നേരിടുന്നുണ്ടെന്ന് നാം അംഗീകരിക്കുമ്പോള്‍ തന്നെ, ഒരു ക്ഷേത്രപുരോഹിതന്റെ മുഖ്യമന്ത്രിയിലേക്കുള്ള സ്ഥാനാരോഹണം, ആധുനികതയ്ക്കും ജനാധിപത്യത്തിനും അത്യന്താപേക്ഷിതമായ, മതവും ഭരണകൂടവും തമ്മില്‍ കൃത്യമായ വേര്‍തിരിവുണ്ടായിരിക്കണമെന്ന അടിസ്ഥാന തത്ത്വത്തിന്റെ നിര്‍ലജ്ജമായ ലംഘനമാണെന്നു കാണാതിരുന്നുകൂടാ. യോഗിയുടെ മുഖ്യമന്ത്രിപദം തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തെ ഭൂരിപക്ഷാധിപത്യത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നതാണു വസ്തുത. ''ഇത് ഹിന്ദുരാഷ്ട്രത്തിന്റെ ആരംഭമാണോ'' എന്ന് പ്രമുഖ നിയമജ്ഞന്‍ ഫാലി നരിമാന്‍ ചോദിച്ചത് ഇതുകൊണ്ടാണ്.സാമ്പത്തികരംഗത്തെ നവ ഉദാരവല്‍ക്കരണവും രാഷ്ട്രീയത്തിലെ ഭൂരിപക്ഷാധിപത്യവും തമ്മിലുള്ള സങ്കലനം വര്‍ത്തമാനകാല പ്രതിസന്ധിയെ യഥാവിധി അടയാളപ്പെടുത്തുന്നുണ്ട്. തിരിഞ്ഞുനോക്കുമ്പോള്‍ ഹിന്ദു സമഗ്രാധിപത്യവാദത്തിന്റെ വളര്‍ച്ചയും മതേതരത്വത്തെ അവഗണിച്ചുകൊണ്ട് ബാബരി മസ്ജിദ് തകര്‍ക്കാനുള്ള ഹിന്ദുത്വപദ്ധതിയുടെ ഭാഗമായ പ്രചാരണങ്ങളും ആപല്‍ക്കരമായ ഒരു വഴിത്തിരിവായിരുന്നു എന്നു കാണാം. മതപരമായ പ്രചോദനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തപ്പെട്ട വര്‍ഗീയ പ്രചാരണത്തിന് സമാന്തരമായിത്തന്നെ ഹിന്ദു ഭൂരിപക്ഷത്തിന്റെ അഭിലാഷങ്ങള്‍ക്ക് ജനാധിപത്യത്തിന്റെ ചെലവില്‍ സ്വീകാര്യത കൈവരുന്നതും നാം കാണുന്നു. ഇത് ഇന്ത്യന്‍ രാഷ്ട്രീയഘടനയുടെ പൊളിച്ചെഴുത്തിനും ഏകാധിപത്യ രാഷ്ട്രീയവ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തിനുമാണ് വഴിയൊരുക്കുക. ജനാധിപത്യത്തിന്റെ അന്തസ്സത്തയെ പൂര്‍ണമായി കീഴൊതുക്കാനായിട്ടില്ലെന്ന് ആശ്വസിക്കാമെങ്കില്‍കൂടിയും വിയോജിപ്പിന്റെ ശബ്ദങ്ങളും സ്വതന്ത്രാഭിപ്രായങ്ങളും അടിച്ചമര്‍ത്തപ്പെടുകയും നിശ്ശബ്ദമാക്കപ്പെടുകയും പത്രസ്വാതന്ത്ര്യമടക്കം നിയന്ത്രണവിധേയമാക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നതും നാം കാണാതിരുന്നുകൂടാ. ജനാധിപത്യത്തിന്റെ ഔപചാരിക അനുബന്ധങ്ങളെ നിലനിര്‍ത്തുകയും ഭൂരിപക്ഷ സമുദായത്തിന്റെ താല്‍പര്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അമിത പരിഗണന നല്‍കുകയും ചെയ്തുകൊണ്ട് ഒന്നിനു പിറകെ മറ്റൊന്നായി സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കാനുള്ള അടവുകളും തന്ത്രങ്ങളും രൂപപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇതില്‍ ഒളിഞ്ഞിരിക്കുന്ന വലിയൊരപകടം ഹിന്ദുത്വ ദേശീയവാദത്തിനും ഹിന്ദുത്വാധിപത്യത്തിനും പൊതുമണ്ഡലത്തിലും രാഷ്ട്രീയ മുഖ്യധാരയിലും കൈവരുന്ന സ്വീകാര്യതയാണ്. ബിജെപി കേന്ദ്രിതമായ ഒരു രാഷ്ട്രീയവ്യവസ്ഥയുടെ കാലഘട്ടത്തില്‍ ഇത് ജനാധിപത്യ മതേതര റിപബ്ലിക്കിന്റെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ത്തെറിയുമെന്നു വ്യക്തമാണ്.                                                             ി(അവസാനിച്ചു)(കടപ്പാട്: ഇപിഡബ്ല്യൂ, 2017 ഡിസംബര്‍ 2)
Next Story

RELATED STORIES

Share it