വിദ്യാലയങ്ങള്‍ തുറന്നിട്ടും റിസോഴ്‌സ് അധ്യാപകരില്ല; ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും ആശങ്കയില്‍

പി എസ് അസൈനാര്‍

മുക്കം: സംസ്ഥാനത്തെ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ ഭിന്നശേഷി കുട്ടികളെ സഹായിക്കാന്‍ കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റിസോഴ്‌സ് അധ്യാപകരെ വിദ്യാലയങ്ങള്‍ തുറന്നിട്ടും പുനര്‍നിയമിച്ചില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ദിവസവേതന അധ്യാപകരെപ്പോലും മെയ് 31നകം അഭിമുഖം നടത്തി നിയമിക്കണമെന്ന ഉത്തരവുള്ളപ്പോഴാണ് പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികളുടെ കാര്യത്തില്‍ അധികൃതര്‍ നിഷേധാത്മക സമീപനം തുടരുന്നത്.
കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് സമഗ്ര ശിക്ഷാ അഭിയാന്‍ എന്ന പുതിയ വിദ്യാഭ്യാസപദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. നിലവിലുള്ള എസ്എസ്എ, ആര്‍എംഎസ്എ പദ്ധതികള്‍ അവസാനിപ്പിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതികള്‍ക്കു കീഴിലുള്ള 2068 റിസോഴ്‌സ് അധ്യാപകരുടെ പുനര്‍നിയമനമാണു പ്രതിസന്ധിയിലായത്. പുതിയ പദ്ധതി നടപ്പാക്കുന്നതിലെ മെല്ലെപ്പോക്കാണ് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നേകാല്‍ലക്ഷത്തോളം വരുന്ന ഭിന്നശേഷി കുട്ടികളെ ദുരിതത്തിലാക്കിയത്.
ആര്‍എംഎസ്എക്ക് കീഴില്‍ 860ഉം എസ്എസ്എക്ക് കീഴില്‍ 1208ഉം റിസോഴ്സ് അധ്യാപകരാണുള്ളത്. കരാറടിസ്ഥാനത്തില്‍ 18 വര്‍ഷത്തോളമായി റിസോഴ്സ് അധ്യാപകരായി പ്രവര്‍ത്തിക്കുന്നവരും പുനര്‍നിയമനം കാത്തിരിക്കുന്ന അധ്യാപകരിലുണ്ട്. ഓരോ വര്‍ഷവും മാര്‍ച്ച് 31ന് പിരിച്ചുവിട്ട് ഏപ്രിലില്‍ പുനര്‍നിയമിക്കുകയാണു രീതി. ഈ വര്‍ഷവും അധ്യാപകര്‍ക്ക് ഉടന്‍ പുനര്‍നിയമനം നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, ഹൈസ്‌കൂളുകളില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന റിസോഴ്‌സ് അധ്യാപകരുടെ വേതനം കുറയ്ക്കാനും നീക്കമുണ്ട്. 28,815 രൂപയാണ് അധ്യാപകരുടെ വേതനം. 25,000 രൂപയായി കുറയ്ക്കാനാണ് അധികൃതര്‍ നടപടി തുടങ്ങിയത്. രണ്ടുവര്‍ഷം മുമ്പാണ് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന് കീഴിലെ (ആര്‍എംഎസ്എ) റിസോഴ്‌സ് അധ്യാപകരുടെ വേതനം 28,815 ആയി വര്‍ധിപ്പിച്ചത്. സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതി നിലവില്‍ വരുന്ന സാഹചര്യത്തിലാണ് അധ്യാപകരുടെ വേതനം കുറയ്ക്കുന്നതെന്നാണു വിവരം.
സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതി നടത്തിപ്പില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം ഫണ്ട് സംസ്ഥാനവുമാണ് വഹിക്കുക. സെക്കന്‍ഡറിതലത്തിലെ റിസോഴ്‌സ് അധ്യാപകര്‍ക്ക് 25,000 രൂപയാണ് കേന്ദ്ര മാര്‍ഗനിര്‍ദേശപ്രകാരം അനുവദിച്ചതെന്നാണ് അധികൃതരുടെ വാദം. സംസ്ഥാന വിഹിതമായ 40 ശതമാനം കൂടി ചേര്‍ന്നാലേ റിസോഴ്‌സ് അധ്യാപകരുടെ വേതനം കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമാവൂവെന്നാണ് അധ്യാപകര്‍ പറയുന്നത്.





Next Story

RELATED STORIES

Share it