ernakulam local

വിദ്യാലയങ്ങള്‍ക്ക് മുന്‍പില്‍ വെട്ടിപ്പൊളിച്ച റോഡുകള്‍ മൂടാനായില്ല; പ്രതിഷേധം ശക്തം



മട്ടാഞ്ചേരി: മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് കുടിവെളള പൈപ്പുകള്‍ സ്ഥാപിക്കുവാന്‍ തോപ്പുംപടി മേഖലയില്‍ വെട്ടി പൊളിച്ച റോഡുകള്‍ പുനര്‍നിര്‍മിക്കാനാകാത്തത് മഴക്കാലമായതോടെ നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിരിക്കയാണ്. റോഡു മുഴുക്കെ വലിയ കുഴികളാണ് നീളത്തില്‍ കുഴിച്ചിരിക്കുന്നത്. മഴക്കാലമായതോടെ ഈ കുഴികള്‍ വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ റോഡും, കുഴികളും മനസിലാക്കാനാവാത്ത അവസ്ഥയാണ്. ഇതാകട്ടെ അപകടങ്ങള്‍ക്കും വഴിയൊരുക്കുകയാണ്. ശനിയാഴ്ച ഹാര്‍ബറിനു സമീപത്തെ കുഴിയില്‍ വീണ് ബൈക്ക് യാത്രീകന്റെ കൈ ഒടിഞ്ഞിരുന്നു.ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്‌കൂളിന്റെ മുന്‍ഭാഗത്തും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത.് സ്‌കൂള്‍ തുറക്കാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ അധ്യാപകരും, രക്ഷകര്‍ത്താക്കളും ആശങ്കയിലാണ് . നിലവില്‍ ഗതാഗത തിരക്കുള്ള ഈ മേഖലയില്‍ സ്‌കൂള്‍ തുറക്കുന്നതോടെ തിരക്ക് ഏറും. ഇതിനിടെയാണ് റോഡിലെ കുഴികളും പ്രശ്‌നം സൃഷ്ടിക്കുന്നത്. സ്‌കൂളില്‍ വാര്‍ഷീക പരീക്ഷ നടക്കുന്നതിനു മുന്‍പായാണ് കുടിവെള്ള കുഴലുകള്‍ സ്ഥാപിക്കാന്‍ റോഡ് വെട്ടി പൊളിച്ചത്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡില്‍ നിന്നും ഉയരുന്ന പൊടി വിദ്യാര്‍ഥികളെ പരീക്ഷ എഴുതുന്നതിനു പോലും ബുദ്ധിമുട്ട് ഉളവാക്കിയിരുന്നു. ചില കുട്ടികള്‍ക്ക് ശ്വാസ കോശ സംബന്ധമായ അസുഖങ്ങള്‍ക്കും പൊടിശല്യം കാരണമായതായി പരാതിയുണ്ട്.വേനലവധി കഴിഞ്ഞ് വിദ്യാലയം തുറക്കുമ്പോഴും പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ക്ക് വേണ്ടി വെട്ടി പൊളിച്ച റോഡുകള്‍ പുനര്‍നിര്‍മിക്കാനാവാത്തത് ഏറെ വിമര്‍ശനത്തിനാണ് ഇടയാക്കിയിരിക്കുന്നത് . കാലവര്‍ഷം വന്നതോടെ മഴവെള്ളം കുഴികളില്‍ കെട്ടിക്കിടക്കുന്നതും വിദ്യാര്‍ഥികള്‍ക്ക് വിനയാകുകയാണ്. കാലവര്‍ഷം കഴിഞ്ഞേ ഇനി റോഡിന്റെ പുനര്‍നിര്‍മാണം നടത്താനാവുകയുള്ളുവെന്നാണ് അധികൃതരുടെ നിലപാട്.
Next Story

RELATED STORIES

Share it