malappuram local

വിദ്യാലയങ്ങളെ ഹരിതമാക്കാന്‍ “പച്ചപ്പള്ളിക്കൂടം

പദ്ധതിമലപ്പുറം: ഹരിതകേരളം കെട്ടിപ്പടുക്കാന്‍ കോട്ടയ്ക്കല്‍ നഗരസഭയുടെ മാതൃക. നഗരസഭാ പരിധിയിലെ എല്ലാ എല്‍പി സ്‌കൂളുകളെയും സമ്പൂര്‍ണ ഹരിത വിദ്യാലയങ്ങളാക്കി മാറ്റുന്ന പച്ചപ്പള്ളിക്കൂടം’ പദ്ധതി ഉടന്‍ ആരംഭിക്കും. ഹരിതകേരളം മിഷനും നഗരസഭയും ചേര്‍ന്നാണ് പദ്ധതി ആരംഭിക്കുന്നത്. പരിസ്ഥിതി, ശുചിത്വം, ജലസംരക്ഷണം തുടങ്ങി മൂന്നു മേഖലകളില്‍ ആധുനികവും ഗുണമേന്മയുള്ളതുമായ പദ്ധതികള്‍ നടപ്പാക്കിയാണ് പൊതുവിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളാക്കി മാറ്റുന്നത്.
ഇതിനാവശ്യമായ സാങ്കേതിക സഹായം ഹരിതകേരളം മിഷനും സാമ്പത്തിക സഹായം നഗരസഭയും നല്‍കും. ഓരോ സ്‌കൂളുകളും സന്ദര്‍ശിച്ച് അവയ്ക്കാവശ്യമായ പദ്ധതികളാണ് നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ നഗരസഭയിലെ 15 സ്‌കൂളുകളിലാണ് പദ്ധതി ആരംഭിക്കുക. പിന്നീട് നഗരസഭയിലെ എല്ലാ എല്‍പി സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പദ്ധതിയുടെ ഡിപിആര്‍ (വിശദമായ പദ്ധതി രേഖ) പൂര്‍ത്തിയായി വരുന്നു.
അംഗീകാരം ലഭിച്ചാലുടന്‍ പദ്ധതി ആരംഭിക്കും. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുന്നതിനായി ഈ സ്‌കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റീല്‍ ബോട്ടിലുകളും രണ്ടു വീതം തുണി സഞ്ചികളും നല്‍കും. മാലിന്യ ശേഖരണത്തിനായി നാലു ക്ലാസ് റൂമുകള്‍ക്കായി ഓരോ ജോഡി എന്ന ക്രമത്തില്‍ വേസ്റ്റ് ബിനുകള്‍ നല്‍കും. ഇതില്‍ ഒന്നില്‍ ജൈവ മാലിന്യവും മറ്റൊന്നില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കും. ശേഖരിക്കുന്ന ജൈവ മാലിന്യങ്ങള്‍ ഉപയോഗിച്ച് സ്‌കൂളില്‍ കമ്പോസ്റ്റ് തയ്യാറാക്കി കൃഷിക്ക് ഉപയോഗിക്കും. അജൈവ മാലിന്യങ്ങള്‍ നഗരസഭയിലെ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറും. പാഴ് വസ്തുക്കള്‍ പുനരുപയോഗിച്ച് ഹാങ്ങിങ്് ഗാര്‍ഡന്‍ നിര്‍മിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ ജൈവ കൃഷി ആരംഭിക്കും. ചുരുങ്ങിയ ജലം ഉപയോഗിച്ച് കൃഷി നടത്താവുന്ന കൃഷിരീതിയായ തിരിനന (വിക്ക് ഇറിഗേഷന്‍) ഉപയോഗിച്ചായിരിക്കും ജൈവ കൃഷി. കൂടുതല്‍ സ്ഥലസൗകര്യമുള്ള
സ്‌കൂളുകളില്‍ നാട്ടിലെ പ്രാദേശിക ക്ലബ്ബുകളുമായി സഹകരിച്ച് കിഴങ്ങുവര്‍ഗ കൃഷിയും നടത്തും. ഹരിതകേരളം മിഷന്‍ യങ് പ്രൊഫഷനല്‍ മുഹമ്മദ് സ്വാലിഹ്, മുനിസിപ്പല്‍ കൃഷി അസിസ്റ്റന്റ് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഓരോ സ്‌കൂളും സന്ദര്‍ശിച്ച് കൃഷി സൗകര്യവും മറ്റും വിലയിരുത്തിയിട്ടുണ്ട്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകളില്‍ മഴവെള്ളക്കൊയ്ത്ത് നടത്തും.
ശേഖരിക്കുന്ന ജലം കിണര്‍ റീചാര്‍ജിങിനായി ഉപയോഗിക്കും. പദ്ധതിയുടെ മേല്‍നോട്ടത്തിനായി നഗരസഭാ സെക്രട്ടറി കണ്‍വീനറായും ചെയര്‍മാന്‍ ചെയര്‍മാനുമായ കമ്മിറ്റി നഗരസഭാ തലത്തിലും വാര്‍ഡ് മെമ്പര്‍ ചെയര്‍മാനും ഹെഡ്മാസ്റ്റര്‍ കണ്‍വീനറുമായ കമ്മിറ്റി സ്‌കൂള്‍ തലത്തിലും രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ മൂന്നു മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന പദ്ധതി പുരോഗതി വിലയിരുത്തും. മാറ്റങ്ങള്‍ കുട്ടികളിലൂടെ വേണം എന്ന ആശയമാണ് എല്‍പി സ്‌കൂളുകളെ പദ്ധതിക്കായി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. കോട്ടയ്ക്കലിന്റെ ഈ മാതൃക ജില്ല മുഴുവന്‍ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി രാജു പറഞ്ഞു.
Next Story

RELATED STORIES

Share it