വിദ്യാലയങ്ങളും ആശുപത്രികളും ആക്രമിച്ച സംഭവം: യുദ്ധക്കുറ്റമെന്ന് തുര്‍ക്കിയും ഫ്രാന്‍സും

ദമസ്‌കസ്: വിമത നിയന്ത്രണത്തിലുള്ള ഹലബ് പ്രവിശ്യയില്‍ രണ്ടു വിദ്യാലയങ്ങള്‍ക്കും അഞ്ച് ആതുരാലയങ്ങള്‍ക്കും നേരെ ബോംബാക്രമണം നടത്തിയത് യുദ്ധക്കുറ്റമാണെന്നു ഫ്രാന്‍സും തുര്‍ക്കിയും.
കുട്ടികള്‍ ഉള്‍പ്പെടെ 50 ഓളം സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്നും ഇരു രാഷ്ട്രങ്ങളും ആരോപിച്ചു. ആതുരാലയങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ അസ്വീകാര്യമാണെന്നും ഉടന്‍ അവസാനിപ്പിക്കണമെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാന്‍ മാര്‍ക്ക് അയ്‌റോള്‍ട്ട് വ്യക്തമാക്കി. റഷ്യ യുദ്ധക്കുറ്റം നടത്തിയതായും ആക്രമണം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാവുമെന്നും തുര്‍ക്കി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സമാധാന ശ്രമങ്ങള്‍ക്കു തുരങ്കം വയ്ക്കുന്നതാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു.
എന്നാല്‍, ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. സിറിയന്‍ സൈന്യത്തിനൊപ്പം ചേര്‍ന്നു പോരാടുന്ന റഷ്യയാണ് ആക്രമണത്തിനു പിന്നിലെന്നു സിറിയന്‍ യുദ്ധനിരീക്ഷക സംഘടന അറിയിച്ചു. ആരോപണം നിഷേധിച്ച റഷ്യന്‍ ആരോഗ്യ മന്ത്രി വെറോണിക്ക സ്‌കോവര്‍ട്ട്‌സോവ ഐഎസിന്റെ അടിസ്ഥാന സൗകര്യങ്ങളെയാണ് തങ്ങളുടെ സൈന്യം ലക്ഷ്യം വച്ചതെന്നു വ്യക്തമാക്കി. സിവിലിയന്‍മാര്‍ക്കു മേല്‍ ബോംബിടുന്നതിന് കാരണങ്ങളൊന്നുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിനു പിന്നില്‍ അമേരിക്കയാണെന്ന് സിറിയയുടെ റഷ്യന്‍ അംബാസഡര്‍ റിയാദ് ഹദ്ദാദ് ആരോപിച്ചു.
തകര്‍ക്കപ്പെട്ട ആശുപത്രികളിലൊന്നു ഡോക്ടര്‍മാരുടെ അന്താരാഷ്ട്ര സംഘടനയായ മെഡിക്കല്‍ ചാരിറ്റി മെഡിസിന്‍സ് സാന്‍ ഫ്രണ്ടിയേഴ്‌സിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ്. അതിനിടെ, ഒരാഴ്ചയ്ക്കകം വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്ന ലോകരാഷ്ട്രങ്ങളുടെ പ്രഖ്യാപനം നടപ്പാക്കാന്‍ പ്രയാസമാണെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് വ്യക്തമാക്കി.
ഒരാഴ്ചയ്ക്കകം വെടിനിര്‍ത്തല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അവര്‍ ഇപ്പോഴും പറയുന്നു. എന്നാല്‍, പ്രായോഗിക തലത്തില്‍ വളരെ സങ്കീര്‍ണമാണതെന്ന് അസദിനെ ഉദ്ധരിച്ച് സിറിയന്‍ ന്യൂസ് ഏജന്‍സി (സനാ) റിപോര്‍ട്ട് ചെയ്തു. ഒരാഴ്ചയ്ക്കകം യുദ്ധം നിര്‍ത്തിവയ്ക്കണം എന്നാണ് നേരത്തേ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it