Flash News

വിദ്യാലയങ്ങളില്‍ കുട്ടികളുടെ വര്‍ധന : സര്‍ക്കാര്‍ വാദം തെറ്റെന്ന് ചെന്നിത്തല



തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവെന്ന സര്‍ക്കാരിന്റെ അവകാശവാദം  പൊള്ളയാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം 1.32 ലക്ഷം കുട്ടികള്‍ വര്‍ധിച്ചെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍, യഥാര്‍ഥത്തില്‍ 20837 കുട്ടികള്‍ കുറയുകയാണ് ചെയ്തത്.  ഒന്ന്, മൂന്ന്, നാല്, ആറ് ക്ലാസുകളില്‍ മാത്രമാണ് പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍  വര്‍ധന ഉണ്ടായത്.  ഒന്നാം ക്ലാസില്‍ 11076 കുട്ടികളുടെ വര്‍ധനയുണ്ട്. രണ്ടാം ക്ലാസില്‍ 826 കുട്ടികളുടെ കുറവാണ് കാണുന്നത്. മൂന്നിലും നാലിലും യഥാക്രമം 1434ഉം, 2584ഉം കുട്ടികള്‍ വര്‍ധിച്ചപ്പോള്‍ അഞ്ചില്‍ 6433 കുട്ടികളും ഏഴില്‍ 7642 കുട്ടികളും കുറഞ്ഞു. എട്ടാം ക്ലാസില്‍ 6581 കുട്ടികള്‍ കുറഞ്ഞപ്പോള്‍ ഒമ്പതില്‍ 5552 കുട്ടികളാണ് കുറഞ്ഞത്. പത്താം ക്ലാസിലെത്തുമ്പോള്‍ 8878 കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തുന്നത്. മൊത്തം 20837 കുട്ടികളുടെ കുറവാണ് പൊതു വിദ്യാലയങ്ങളില്‍ ഇത്തവണ രേഖപ്പെടുത്തിയതെന്നും ചെന്നിത്തല വെളിപ്പെടുത്തി. വസ്തുത ഇതായിരിക്കെ  എണ്ണം പെരുപ്പിച്ച് കാട്ടി  ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന സര്‍ക്കാരിന്റെ നീക്കം വിലകുറഞ്ഞതാണെന്നും, ഇത്തരം ശ്രമങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയെ  കൂടുതല്‍ പ്രതിസന്ധിയിലാക്കുകയേ ഉള്ളൂവെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it