thrissur local

വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവെന്ന് പരാതി

ചാവക്കാട്: സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും യാത്രാ സുരക്ഷിതത്വത്തിനും നടപടി സ്വീകരിക്കണമെന്നുമുള്ള രക്ഷിതാക്കളുടെ ആവശ്യം ശക്തമാവുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷങ്ങളുടെ ഫണ്ട് ഒഴുകുമ്പോഴും പല സര്‍ക്കാര്‍ സ്‌കൂളുകളിലും അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ലാത്ത അവസ്ഥായാണുള്ളതെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു.
പലയിടങ്ങളിലും മൂത്രപ്പുരകള്‍ ഇടിഞ്ഞു വീഴാറായ നിലയിലാണ്.
ആവശ്യത്തിന് കുടിവെള്ള സൗകര്യവും ലഭ്യമല്ല. സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലും ആരംഭിച്ചിരിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തിയാക്കുമെന്ന യാതൊരു ഉറപ്പുമില്ല. സ്‌കൂള്‍ തുറന്നശേഷം നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് അപകട ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. കുട്ടികളുടെ യാത്രാപ്രശ്‌നമാണ് ഏറ്റവും രൂക്ഷമായിട്ടുള്ളത്. പല സ്‌കൂളുകള്‍ക്കും ആവശ്യത്തിന് സ്‌കൂള്‍ ബസ്സുകളുമില്ല. സ്വകാര്യ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര രക്ഷിതാക്കളുടെ നെഞ്ചില്‍ തീകോരിയിടുകയാണ്.
ഓട്ടോറിക്ഷകളിലും ഓമ്‌നി വാനിലും മിനി ബസിലുമൊക്കെ കുട്ടികളെ കുത്തിനിറച്ച് പായുമ്പോള്‍ സുരക്ഷാപ്രശ്‌നം ഏറെയാണ്. എന്നാല്‍ തങ്ങളുടെ കുട്ടികളെ വീടിനുമുമ്പില്‍ കൂടിവരുന്ന വാഹനത്തില്‍ സ്‌കൂളിലെത്തിക്കാന്‍ മാതാപിതാക്കള്‍ തയാറാകുമ്പോള്‍ വാഹനങ്ങളിലെ കുട്ടികളുടെ ബാഹുല്യത്തെക്കുറിച്ച് പ്രതികരിക്കാനും അവര്‍ക്കാവുന്നില്ല.
Next Story

RELATED STORIES

Share it