വിദ്യാര്‍ഥി ബിനാലെയില്‍ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തും

കൊച്ചി: വിദ്യാര്‍ഥി ബിനാലെയില്‍ ലളിതകലാ വിദ്യാര്‍ഥികളുടെ ഉപരിപഠന പ്രോല്‍സാഹനത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍ നല്‍കും. കൊച്ചി ബിനാലെ ഫൗണ്ടേഷനും ടാറ്റ ട്രസ്റ്റും ചേര്‍ന്നാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.
അഭിനവ പ്രതിഭകള്‍ക്കായി നാല് പുരസ്‌കാരവും മികച്ച ക്യൂറേറ്റര്‍ക്ക് ഒരു പുരസ്‌കാരവുമാണു നല്‍കുന്നത്. ലളിതകലാ വിദ്യാലയങ്ങളുടെ ശോച്യാവസ്ഥയെക്കുറിച്ച് ചര്‍ച്ചചെയ്ത ശില്‍പശാലയില്‍ ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമുവാണ് പ്രഖ്യാപനം നടത്തിയത്. പുതുതലമുറയിലെ കലാകാരന്മാര്‍ക്കിടയില്‍ ആരോഗ്യകരമായ മല്‍സരം വളര്‍ത്തുകയും അവരുടെ കഴിവുകള്‍ക്ക് പ്രചോദനം നല്‍കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കലാകാരന്മാര്‍ക്കായുള്ള മല്‍സരത്തിലെ ആദ്യ രണ്ട് ജേതാക്കള്‍ക്കും ക്യൂറേറ്റര്‍ പുരസ്‌കാരം നേടുന്ന വ്യക്തിക്കും യൂറോപ്യന്‍ പഠന പര്യടനാവസരമാണ് സമ്മാനമായി ലഭിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് 15 ദിവസം യൂറോപ്പില്‍ താമസിച്ച് അവിടുത്തെ ചിത്രശില്‍പകലാ ചാതുരി പഠിക്കാം. മറ്റു രണ്ടു പേര്‍ക്ക് രാജ്യത്തെ ലളിതകലാ രംഗത്തുള്ള പ്രമുഖ വ്യക്തികള്‍ക്കൊപ്പം താമസിച്ചു പഠിക്കുന്നതിനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.
2016 ഡിസംബറില്‍ ആരംഭിക്കുന്ന രാജ്യത്തെ തന്നെ മൂന്നാമത്തെ ബിനാലെയോടൊപ്പമാണ് വിദ്യാര്‍ഥി ബിനാലെ നടക്കുന്നത്. കലാകാരന്‍മാരായ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടാനുള്ള മികച്ച അവസരമാണ് ഇതിലൂടെ ലഭിക്കുകയെന്നും റിയാസ് കോമു പറഞ്ഞു.
Next Story

RELATED STORIES

Share it