kannur local

വിദ്യാര്‍ഥി പ്രവേശനം: ടാഗൂര്‍ വിദ്യാനികേതനിലെ നറുക്കെടുപ്പ് മാറ്റി

തളിപ്പറമ്പ്: ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതിയുടെ നിയന്ത്രണത്തില്‍പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ് ടാഗൂര്‍ വിദ്യാനികേതനിലേക്ക് നറുക്കെടുപ്പിലൂടെ വിദ്യാര്‍ഥി പ്രവേശനം നടത്താനുള്ള തീരുമാനം വിവാദത്തില്‍. വിദ്യാഭ്യാസ ചട്ടത്തിനു വിരുദ്ധമായ നടപടിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിഇഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധം ശക്തമായതോടെ പ്രവേശന നടപടികള്‍ തല്‍ക്കാലികമായി നിര്‍ത്തിവച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ സ്ഥിരമായി നൂറു ശതമാനം വിജയം നേടുന്ന സ്‌പെഷ്യല്‍ സ്‌കൂളാണിത്. 50 ശതമാനത്തിലേറെ പേര്‍ക്കെങ്കിലും ഡിസ്റ്റിങ്ഷനും ലഭിക്കും. ഇതിനാല്‍ ഇവിടെ കുട്ടികളെ ചേര്‍ക്കാന്‍ രക്ഷിതാക്കളുടെ ബാഹുല്യമാണ്. ടാഗൂര്‍ വിദ്യാലയം ആരംഭിച്ചതു മുതല്‍ പ്രത്യേക പരീക്ഷ നടത്തിയാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാറുള്ളത്. ഇത് നിയമനടപടികളില്‍ കലാശിച്ചതിനെ തുടര്‍ന്ന്  ഈ വര്‍ഷംമുതല്‍ സംവിധാനം മാറി. എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍ക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായി. എന്നാല്‍ അപേക്ഷകരുടെ ബാഹുല്യം കാരണം അഞ്ചാം ക്ലാസിലേക്ക് ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി 60 പേര്‍ക്കും എട്ടാം ക്ലാസിലേക്ക് 30 പേര്‍ക്കും പ്രവേശനം നല്‍കാന്‍ കലക്്ടറുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതി തീരുമാനിച്ചു. നേരത്തെ അഞ്ചില്‍ 40 വിദ്യാര്‍ഥികള്‍ക്കും, എട്ടില്‍ 30 വിദ്യാര്‍ഥികള്‍ക്കുമായിരുന്നു പ്രവേശനം നല്‍കിയിരുന്നത്. നിലവില്‍ അഞ്ചാം ക്ലാസിലേക്ക് 180 പേരും, എട്ടാം ക്ലാസിലേക്ക് 65 പേരുമാണ് അപേക്ഷ നല്‍കിയിട്ടുണ്ട്. 21ന് മൊത്തം അപേക്ഷകളിലേക്കും നറുക്കെടുപ്പിലൂടെ പ്രവേശനം നടത്താനാണ് കലക്്ടര്‍, നഗരസഭാ ചെയര്‍മാന്‍, വാര്‍ഡ് കൗണ്‍സിലര്‍, ഡിഡിഇ, ഡിഇഒ പ്രധാനാധ്യാപകന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനം. നറുക്കെടുപ്പിലൂടെയുള്ള പ്രവേശന നടപടികള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 50 വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. കേരള വിദ്യഭ്യാസ ചട്ടത്തില്‍ നറുക്കെടുപ്പിലൂടെ വിദ്യാര്‍ഥിപ്രവേശനം പറയുന്നില്ല. അപേക്ഷ നല്‍കിയ മുഴുവന്‍ പേര്‍ക്കും പ്രവേശനം നല്‍കണമെന്നാണ് പുതിയ വിദ്യഭ്യാസാവകാശ നിയമത്തിലെ നിര്‍ദേശം.
ഇതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ ഡിഇഒ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രധാന കവാടത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ കെ ദിനേശന്റെ നേതൃത്വത്തിലുള്ള സംഘം സമരക്കാരെ തടഞ്ഞു. ഇതോടെ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. നേതാക്കളായ രാഹുല്‍ ദാമോദരനും, വി രാഹുലും ഡിഇഒ ഇന്‍ ചാര്‍ജ് സതീശനുമായി ചര്‍ച്ച നടത്തി. ഇദ്ദേഹം ഡിഇഒയുമായി ബന്ധപ്പെട്ട് നേരത്തെ ജില്ലാ കലക്്ടറെടുത്ത തീരുമാനം തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. നറുക്കെടുപ്പ് തടയുമെന്ന് പരാതിക്കാരായ രക്ഷിതാക്കളും പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it