വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍

കാക്കനാട്: ബിസിനസ് വൈരാഗ്യത്തിന്റെ പേരില്‍ എംബിഎ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ചാവക്കാട് താഴത്തയില്‍ വീട്ടില്‍ ഉമ്മര്‍ ഫാറൂഖ് അലി (26), നാട്ടിക പടിയത്ത് വീട്ടില്‍ ബിന്‍ഷാദ് (27), ഒറ്റപ്പാലം തൃക്കൊടിയേരി കുരീക്കാട്ട് വീട്ടില്‍ അബൂബക്കര്‍ സിദ്ദീഖ് (32), ഒറ്റപ്പാലം മച്ചിങ്ങാത്തൊടിയില്‍ സുല്‍ഫിക്കര്‍ (35), ചാവക്കാട് വടക്കേക്കാട് എടക്കാട്ട് വീട്ടില്‍ ബഗീഷ് (24) എന്നിവരെയാണു കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 23നാണ് കാക്കനാട് രാജഗിരി കോളജിലെ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിയും കോഴിക്കോട്ടെ പ്രമുഖ ബിസിനസുകാരന്റെ മകനുമായ ഫിറാസത്ത് മുഹമ്മദിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്.
മലപ്പുറം വെസ്റ്റ് കോടൂര്‍ സ്വദേശിയും പ്രവാസി മലയാളിയുമായ മറ്റൊരു പ്രമുഖ ബിസിനസുകാരനാണ് ക്വട്ടേഷന്‍ നല്‍കിയിട്ടുള്ളതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലിസ് പറഞ്ഞു. ഫിറാസത്തിന്റെ പിതാവും ഇദ്ദേഹവുമായുള്ള ബിസിനസ് വൈരാഗ്യമാണു തട്ടിക്കൊണ്ടുപോവലിന് ഇടയാക്കിയിട്ടുള്ളതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. തട്ടിക്കൊണ്ടുപോയ അന്നു തന്നെ പോലിസിന് ഫിറാസത്തിന്റെ ലൊക്കേഷന്‍ സംബന്ധിച്ച വിവരം ലഭിക്കുകയും പൊള്ളാച്ചിക്കടുത്തുനിന്ന് സംഘം ഉപേക്ഷിച്ച നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തുകയും ചെയ്തിരുന്നു.
തുടര്‍ന്നു സംഘത്തിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകള്‍ നിരീക്ഷിച്ച പോലിസ്, പ്രതികള്‍ തൃശൂര്‍, പാലക്കാട് ഭാഗങ്ങളിലാണുള്ളതെന്നു കണ്ടെത്തി. ഇതിനുശേഷം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നു കോടിയോളം രൂപയ്ക്കാണ് ഇവര്‍ മറ്റൊരു ടീമില്‍ നിന്ന് ക്വട്ടേഷന്‍ എടുത്തത്. ക്വട്ടേഷന്‍ ഏറ്റെടുത്ത അഫ്‌സല്‍, ലത്തീഫ് തങ്ങള്‍, മുഫാസ് എന്നിവരെ ഇനിയും പിടികൂടാനായിട്ടില്ല.
Next Story

RELATED STORIES

Share it