kasaragod local

വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നില്‍ കഞ്ചാവ് മാഫിയ

ഉദുമ: നാളെ എസ്എസ്എല്‍സി പരീക്ഷ എഴുതാനുള്ള ഒരുക്കത്തിനിടെ വിദ്യാര്‍ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ചതിന് പിന്നില്‍ കഞ്ചാവ് മാഫിയയുടെ കരങ്ങളാണെന്ന് ആരോപണമുയര്‍ന്നു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറിസ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയും മാങ്ങാട് ചോയിച്ചിങ്കല്ലില്‍ താമസക്കാരനായ മുഹമ്മദ് ജസീമി(15)നെയാണ്് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നിന് വൈകിട്ട് സ്‌കൂളില്‍ യാത്രയയപ്പിനുള്ള വസ്ത്രങ്ങള്‍ വാങ്ങാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. കാസര്‍കോട് ടൗണിലേക്ക് പോകുന്നുവെന്നായിരുന്നു വീട്ടുകാരോട് പറഞ്ഞത്.
എന്നാല്‍ രാത്രിയായിട്ടും കാണാത്തതിനെ തുടര്‍ന്ന് പിതാവ് ബേക്കല്‍ പോലിസില്‍ പരാതി നല്‍കി. പോലിസും നാട്ടുകാരും അന്വേഷിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി 12ഓടെ കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപത്തെ ഓവുചാലില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ പരിക്കുകളും കാണാനുണ്ട്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ജസീമിന്റെ ബന്ധു അടക്കം മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജസീം വീട്ടില്‍നിന്നിറങ്ങിയപ്പോള്‍ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. സ്വന്തം ഫോണടക്കം രണ്ടുഫോണുകളായിരുന്നു ജസീമിന്റെ കൈവശമുണ്ടായിരുന്നത്.
കൂട്ടുകാരനും മറ്റു രണ്ടുപേരുമടക്കം കളനാട് പാലത്തിനും ഓവര്‍ബ്രിഡ്ജിനും സമീപത്തുള്ള സ്ഥലത്തെത്തി കഞ്ചാവ് വലിച്ചതായി പോലിസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. കഞ്ചാവ് അടിച്ച് നടക്കുന്നതിനിടയില്‍ ട്രെയിന്‍ വന്നപ്പോള്‍ സംഘം നാലുപാടും ഓടി.
ഇതിനിടയിലാണ് ജസീമിനെ കാണാതായത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്നലെ വൈകിട്ട് പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള പോലിസ് സര്‍ജന്‍ ഇന്നലെ വൈകിട്ട് സന്ദര്‍ശിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം വൈകിട്ട് മൂന്നോടെ കീഴൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
ജില്ലയിലെ കലാലയ കാംപസുകള്‍ക്ക് സമീപം കഞ്ചാവ്, മദ്യ, മയക്കുമരുന്ന് മാഫിയകള്‍ ഈയടുത്തകാലത്തായി പിടിമുറുക്കിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ചട്ടഞ്ചാല്‍ സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ഥി കഞ്ചാവ് വലിച്ച് ക്ലാസിലെത്തി അധ്യാപകനോട് തട്ടിയകയറിയനെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു.
ഇതിന് ശേഷം നാട്ടുകാര്‍ ജില്ലാ കലക്്ടറെ കണ്ട് ചട്ടഞ്ചാലിലെ കഞ്ചാവ് മാഫിയകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പ്രാദേശിക യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ ഭരണകൂടം മൂന്‍കൈയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടം ഇതിന് തയ്യാറായില്ലെന്ന് നാട്ടുകാര്‍പറഞ്ഞു. ചട്ടഞ്ചാല്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ സംഘം പലപ്പോഴും ജനജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഹൊസങ്കടി,മഞ്ചേശ്വരം, ഉപ്പള, ബന്തിയോട്, കുമ്പള, കാസര്‍കോട് പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, നെല്ലിക്കുന്ന്, തളങ്കര, വിദ്യാനഗര്‍, പൊവ്വല്‍, എല്‍ബിഎസ് കാംപസ് പരിസരം, കാഞ്ഞങ്ങാട് ടൗണ്‍, പടന്നക്കാട്, ഉദുമ, ബേക്കല്‍, പള്ളിക്കര, പെരിയ, തൃക്കരിപ്പൂര്‍, നീലേശ്വരം, ചെറുവത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഞ്ചാവ് മാഫിയകള്‍ നിലയുറപ്പിച്ചിട്ടുണ്ട്.
കേന്ദ്രസര്‍വകലാശാല ആസ്ഥാനമായ പെരിയ ടൗണില്‍ കഞ്ചാവ് വില്‍ക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കഞ്ചാവ് അടിച്ച് കോളജ് ഹോസ്റ്റലിലെത്തിയ വിദ്യാര്‍ഥിയെ കഴിഞ്ഞയാഴ്ച യൂനിവേഴ്‌സിറ്റിയില്‍ നിന്നും പുറത്താക്കിയിരുന്നു. വിദ്യാര്‍ഥിയുടെ ദുരൂഹമരണത്തെ തുടര്‍ന്ന് കഞ്ചാവ് മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it