വിദ്യാര്‍ഥിയുടെ മരണം; മനുഷ്യാവകാശ കമ്മീഷന് പരാതിയുമായി ബന്ധുക്കള്‍

ആനക്കര (പാലക്കാട്): പോലിസിനെ കണ്ട് ഭയന്നോടി കിണറ്റില്‍ വീണു വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്നുമാവശ്യപ്പെട്ടു ബന്ധുക്കള്‍ പരാതി നല്‍കി. കുന്നംകുളം സ്വകാര്യ കോളജിലെ വിദ്യാര്‍ഥിയും കരിമ്പ സ്വദേശിയും എം.എസ്.എസ്. നേതാവുമായിരുന്ന ഷെഹീമിന്റെ ബന്ധുക്കളാണു മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കഴിഞ്ഞമാസം 21നായിരുന്നു സംഭവം.

ഓണാഘോഷത്തിന്റെ ഭാഗമായി കോളജില്‍ നടന്ന പരിപാടിക്കിടെ പോലിസ് എത്തി ലാത്തിവീശി വിദ്യാര്‍ഥികളെ ഓടിച്ചതിനിടെ ഷഹീം കിണറ്റില്‍ വിഴുകയായിരുന്നുവെന്നാണ് പോലിസ് ഭാഷ്യം. എന്നാല്‍ 43 ദിവസം പിന്നിട്ടിട്ടും സംഭവത്തിലെ ദുരൂഹത പു റത്ത് കൊണ്ടുവരികയോ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയോ ചെയ്തിട്ടില്ലെന്നാണു ബന്ധുക്കള്‍ ആരോപിക്കുന്നത്. നിലവില്‍ ഐ. ജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

എന്നാല്‍ സംഭവദിവസം പോലിസ് പിടികൂടിയ രണ്ടു വിദ്യാര്‍ഥികളുടെ മൊഴി മാത്രമാണ് അന്വേഷണവിഭാഗം രേഖപ്പെടുത്തിയിട്ടുള്ളൂവെന്നതു ദുരൂഹത വര്‍ധിപ്പിക്കുന്നു. ബാക്കി 16 വിദ്യാര്‍ഥികളില്‍ നിന്നും തെളിവെടുത്തിട്ടില്ല. ഇവരുടെ പേരില്‍ കേസെടുക്കുമെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമമാണെന്നും അറിയുന്നു.

അന്വേഷണം കുറ്റമറ്റ രീതിയിലാക്കണമെന്നും അതിനാലാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതെന്നും ഇവര്‍ അറിയിച്ചു. സാമ്പ്രദായിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ മരണം അവഗണിച്ചതോടെ എസ്. ഡി. പി.ഐ. ദേശീയ നിര്‍വാഹകസമിതിയംഗം നസറുദ്ദീന്‍ എളമരത്തിനു കുടുംബം നിവേദനം നല്‍കിയിരുന്നു. അന്വേഷണം ശരിയായ ദിശയില്‍ നടക്കാത്തപക്ഷം പ്രക്ഷോഭമുള്‍പ്പെടെയും നിയമപരമായും നേരിടുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പുനല്‍കിയിരുന്നു.
Next Story

RELATED STORIES

Share it