വിദ്യാര്‍ഥിയുടെ മരണം: ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തുന്നത് പരിഗണിക്കണമെന്ന്

കൊച്ചി: എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയെ ഹൗസ് ബോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങള്‍ സിബിഐ പരിഗണിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. ഏറ്റുമാനൂര്‍ കാണാക്കാരി തെക്കേച്ചെരുവില്‍ ടി വി സെബാസ്റ്റ്യന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം.
ഹരജിക്കാരന്റെ മകന്‍ സൂരജിനെ 2009 മെയ് ആറിന് രാവിലെയാണ് ഹൗസ് ബോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ടുകാര്‍ക്കൊപ്പം പുന്നമടക്കായല്‍ യാത്രയ്ക്കു പോയ മകന്റെ മരണത്തെക്കുറിച്ച് പോലിസ് ഫലപ്രദമായി അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് സെബാസ്റ്റ്യന്‍ നല്‍കിയ ഹരജിയില്‍ 2017 ജൂലൈ 14നാണ് അന്വേഷണം സിബിഐക്ക് വിട്ടത്. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും സിബിഐ അന്വേഷണത്തിന് ഫലമുണ്ടായില്ലെന്നും മൃതദേഹം ശാസ്ത്രീയ പരിശോധന നടത്തിയ ഡോക്ടര്‍മാരെ ചോദ്യം ചെയ്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പിതാവ് ഹരജി നല്‍കിയത്.
സൂരജിനൊപ്പം 13 കൂട്ടുകാരാണ് ഉല്ലാസ യാത്രയില്‍ പങ്കെടുത്തത്. ഇവര്‍ ഹൗസ് ബോട്ടിലെ രണ്ടു മുറികളിലും അപ്പര്‍ ഡെക്കിലുമായാണ് ഉറങ്ങിയത്. രാവിലെ എഴുന്നേറ്റപ്പോള്‍ സൂരജ് മരിച്ചുകിടക്കുന്നത് കണ്ടുവെന്നാണ് കൂട്ടുകാരുടെ മൊഴി. 10 സുഹൃത്തുക്കളെ ഇതിനകം ചോദ്യംചെയ്തു. മൂന്നുപേര്‍ വിദേശത്താണെന്നും സിബിഐ സംഘം വ്യക്തമാക്കി.
അതേസമയം, സൂരജിന്റെ മൃതദേഹം പരിശോധിച്ച ഡോക്ടര്‍മാരില്‍ ഒരാള്‍ മദ്യത്തിന്റെ അമിതോപയോഗത്തെ തുടര്‍ന്ന് ഉണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നും കായലില്‍ മുങ്ങി മരിച്ചതാണെന്നു മറ്റൊരാളും റിപോര്‍ട്ട് എഴുതിയിരുന്നു. ഇക്കാര്യം അന്വേഷണം ഏറ്റെടുത്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും സിബിഐ സംഘം പരിശോധിച്ചില്ലെന്നാണ് ഹരജിക്കാരന്റെ വാദം. തുടര്‍ന്നാണ് ഈ വിഷയം പരിഗണിച്ച് സമയബന്ധിതമായി അന്വേഷണം തീര്‍ക്കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്.

Next Story

RELATED STORIES

Share it