palakkad local

വിദ്യാര്‍ഥിയുടെ ദുരൂഹ മരണം: അന്വേഷണത്തിന് പുതിയ സംഘം

ആനക്കര: ഹോസ്റ്റല്‍ കോംപൗണ്ടിലെ കിണറ്റില്‍ കോളജ് വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് പുതിയ സംഘമെത്തുന്നു. കൂറ്റനാട് കരിമ്പ തടത്തില്‍പറമ്പില്‍ ഹംസയുടെ മകനും കുന്ദംകുളം അക്കിക്കാവ് സ്വകാര്യ കോളജ് വിദ്യാര്‍ഥിയുമായ ഷെഹീന്റെ മരണം സംബന്ധിച്ചാണ് ഒമ്പതുമാസത്തിന് ശേഷം പുതിയ അന്വഷണസംഘം ചുമതലയേല്‍ക്കുന്നത്.
പോലിസ്, ക്രൈബ്രാഞ്ച് തുടങ്ങി വിവിധ വകുപ്പുകളിലെ 11 പേരടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഐ.ജി ഒഴികെയുള്ളവരെല്ലാവരും ഏഴിന് ശനിയാഴ്ച ഷെഹീന്റെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപെടുത്തിയിട്ടുണ്ട്. മൂന്നര മണിക്കൂര്‍ നീണ്ടതായിരുന്നു സന്ദര്‍ശനം.
2015 ആഗസ്ത് 21 നാണ് സംഭവം നടന്നത്. കോളജിലെ ആഘോഷച്ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തില്‍ വൈകീട്ട് പോലിസ് എത്തി വിദ്യാര്‍ഥികളെ വിരട്ടി ഓടിക്കുകയും രണ്ട് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ സംഭവത്തിന് ശേഷം കാണാതായ ഷെഹീനെ രാത്രി പത്തോടെ അകലെയുള്ളതും വിജനമായതുമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ മരണത്തിലെ ദുരൂഹതയെകുറിച്ചുള്ള വ്യക്തത ലഭിക്കുന്നതിനായി ബന്ധുക്കള്‍ ഇതുവരെ നടത്തിയ ശ്രമങ്ങള്‍ പാഴാവുകയായിരുന്നു. കുന്ദംകുളം പോലിസ് മുതല്‍ ഐജിവരെയും തൃശ്ശൂര്‍ ക്രൈബ്രാഞ്ചും അന്വേഷിച്ചിട്ടും മരണത്തിലെ ദുരൂഹത കണ്ടെത്താനായില്ല.
അന്നത്തെ കുന്ദംകുളം എസ്‌ഐയും കൂടെയുണ്ടായിരുന്ന പോലിസുകാരെയും പ്രതി ചേര്‍ത്താണ് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നത്.
ഇവരിപ്പോഴും സര്‍വീസിലുണ്ട്. പുതിയ അന്വേഷണസംഘത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് കുടുംബം കാത്തിരിക്കുന്നത്.
സംസ്ഥാന മനുഷ്യാവകാശകമ്മീഷനും യുവജനകമീഷനും പരാതി നല്‍കിയതിന്‍ പ്രകാരം യുവജനകമീഷന്‍ ഇടപെടല്‍ നടത്തി കുറ്റകാര്‍ക്കെതിരെ നടപടി എടുക്കുന്നതിനും കുടംബത്തിന്റെ ന്യായമായ ആവശ്യം അംഗകരിക്കുന്നതിനും ഉത്തരവിട്ടിരുന്നു. കൂടാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കുന്നതിന് 2015 ഡിസംബറില്‍ ഉത്തരവിട്ടിരുന്നങ്കിലും അതും ഇതുവരെ ലഭിച്ചിട്ടില്ല.
Next Story

RELATED STORIES

Share it