വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്ന് ചാടിയ സംഭവം: സഹപാഠികള്‍ അറസ്റ്റില്‍

കരിപ്പൂര്‍: കരിപ്പൂരില്‍ വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്നു ചാടിയ സംഭവത്തില്‍ സഹപാഠികളായ അഞ്ച് പെണ്‍കുട്ടികളെ പോലിസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുളക്കഴ കൈക്കുഴിയില്‍ ശാലു(19), നെടുമങ്ങാട് നെട്ടരക്കോണം ആയില്യം വീട്ടില്‍ വൈഷ്ണവി(19), തിരുവല്ല കാരക്കല്‍ തയ്യില്‍ നീതു എലിസബത്ത് അലക്‌സ്(19), ഓയൂര്‍ ഷൈജ മന്‍സിലില്‍ ഷൈജ(19), തിരുവല്ല കാരക്കല്‍ കുരട്ടിയില്‍ അക്ഷയ് വീട്ടില്‍ ആതിര(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ മഞ്ചേരിയിലെ സ്‌പെഷ്യല്‍ എസ്‌സി-എസ്ടി കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം ശാസ്താമംഗലം സ്വദേശിനി ആതിര(21)യാണു കഴിഞ്ഞ 30ന് വിമാനത്താവളത്തിനു സമീപത്തെ നൂഹ്മാന്‍ ജങ്ഷനിലെ ലോഡ്ജില്‍ നിന്ന് ചാടി ഗുരുതരാവസ്ഥയിലായത്.തിരുവനന്തപുരത്ത് ഐപിഎംഎസ് കോളജില്‍ രണ്ടാംവര്‍ഷ ബിബിഎ ഏവിയേഷന്‍ വിദ്യാര്‍ഥിയായ ആതിര മൂന്നാഴ്ച മുമ്പാണ് വിമാനത്താവളത്തി ല്‍ പരിശീലനത്തിനെത്തിയത്. വിമാനത്താവളത്തിന് സമീപത്തെ നുഹ്മാന്‍ ടൂറിസ്റ്റ് ഹോമിലാണ് ഇവര്‍ താമസിച്ചിരുന്നത്. സഹപാഠികള്‍ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ട് മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും പട്ടികജാതിക്കാരി എന്ന നിലയില്‍ അപമാനിക്കുകയും ചെയ്തതായി ആതിര പോലിസിന് മൊഴി നല്‍കിയിരുന്നു. ഗുരുതരമായി പരിക്കേറ്റ ആതിരയെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. വിമാനത്താവളത്തിലെയും റോഡിലെയും ലോഡ്ജിലെയും സിസി ടിവി ദൃശ്യങ്ങള്‍, മൊബൈല്‍ സംഭാഷണങ്ങളും സന്ദേശങ്ങളുമെല്ലാം പരിശോധിച്ച ശേഷമാണ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്. കേസില്‍ കോളജ് പ്രിന്‍സിപ്പലടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം നടക്കുകയാണെന്ന് മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി സിഐ എം മുഹമ്മദ് ഹനീഫ, സതീശന്‍, ഷൈജു, അഹമ്മദ് കുട്ടി തുടങ്ങിയവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it