ernakulam local

വിദ്യാര്‍ഥിനിയെ വെയിലത്ത് നിര്‍ത്തിയ സംഭവം; ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അന്വേഷണമാരംഭിച്ചു

പള്ളുരുത്തി: ഫീസ് നല്‍കാന്‍ താമസിച്ചതിന്റെ പേരില്‍ അഞ്ചാം ക്ലാസുകാരിയെ സ്‌കൂള്‍ അധികൃതര്‍ ഒന്നര മണിക്കൂര്‍ പൊരി വെയിലത്ത് നിര്‍ത്തി ശിക്ഷിച്ചെന്ന പരാതിയില്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥിനി നിഹാലയുടെ മൊഴി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ എടുത്തു.
കുട്ടിയുടെ രക്ഷിതാക്കളുടെ മൊഴിയും അധികൃതര്‍ എടുത്തിട്ടുണ്ട്. ഇടക്കൊച്ചിയിലെ സ്വകാര്യ സ്‌കൂളായ ശാന്തി വിദ്യാലയയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയും പള്ളുരുത്തി ശാസ്താ അമ്പലത്തിന് സമീപം കോച്ചിപ്പറമ്പില്‍ ഹാരിസ് -റുബീന ദമ്പതികളുടെ മകളുമായ നിഹാലയെന്ന പത്ത് വയസ്സുകാരിയെയാണ് വെള്ളിയാഴ്ച വെയിലത്ത് നിര്‍ത്തിയതായി പരാതി ഉയര്‍ന്നത്. പരീക്ഷ പോലും എഴുതാന്‍ അനുവദിക്കാതെയാണ് കുട്ടിയെ വെയിലത്ത് നിര്‍ത്തിയതെന്നാണ് ആക്ഷേപം. വെയിലേറ്റ് അവശയായ കുട്ടി ഇപ്പോഴും ചികില്‍സയിലാണ്.
അതേസമയം കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേ സ്‌കൂള്‍ അധികൃതരും പൊലിസിന് പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂളിലെത്തി ബഹളമുണ്ടാക്കിയെന്ന് കാണിച്ചാണ് പരാതി നല്‍കിയിട്ടുള്ളത്. സ്‌കൂള്‍ അധികൃതരുടെ മൊഴിയും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ എടുത്തിട്ടുണ്ട്. സംഭവത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ട് ജ്യൂവൈനല്‍ കോടതിയില്‍ നല്‍കുമെന്നും ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ വ്യക്തമാക്കി.
അതേസമയം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കേസ് നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നതായും പരാതിയുണ്ട്. കേസ് ഒതുക്കി തീര്‍ക്കുന്നതിന് കുട്ടിയുടെ മാതാപിതാക്കളുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദം നടത്തുന്നതായും സൂചനയുണ്ട്.
Next Story

RELATED STORIES

Share it