വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: അധ്യാപകന് ജീവപര്യന്തം

കൊച്ചി: സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകന് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. ഊരമന മേമുറി പടിയത്ത് വീട്ടില്‍ അലക്‌സി(52)നെയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി അഡീ. സെഷന്‍സ് ജഡ്ജി കെ ടി നിസാര്‍ അഹ്മദ് ശിക്ഷിച്ചത്. കനിവുണ്ടാവണമെന്ന പ്രതിയുടെ അപേക്ഷ കോടതി അനുവദിച്ചില്ല.
വേദപാഠം പഠിപ്പിക്കുന്ന വിദ്യാര്‍ഥിനിയെ തന്നെ ഒരു അധ്യാപകന്‍ പീഡിപ്പിച്ചത് ഗുരുതരമായ കുറ്റമാണെന്നു കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും മാതൃകയാവേണ്ട ആള്‍തന്നെ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നത് സമൂഹത്തിനു ദോഷകരമാണ്. ഇത്തരം സംഭവങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകരിലുള്ള വിശ്വാസം പൂര്‍ണമായി ഇല്ലാതാക്കുമെന്നു കോടതി നിരീക്ഷിച്ചു.
പ്രതി ഒരുതരത്തിലുള്ള കാരുണ്യത്തിനും അര്‍ഹനല്ലെന്ന് വ്യക്തമാക്കിയാണ് കോടതി കടുത്തശിക്ഷ നല്‍കിയത്. പിഴത്തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നല്‍കാനും കോടതി വിധിച്ചു. രാമമംഗലം പോലിസാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ സന്ധ്യ ഭാസി ഹാജരായി.
Next Story

RELATED STORIES

Share it