വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്‌ഐ കീഴടങ്ങി

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലിഫ്റ്റില്‍ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ എഎസ്‌ഐ എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തലയോലപ്പറമ്പ് പോലിസ് സ്റ്റേഷനിലെ എഎസ്‌ഐ വി എച്ച് നാസറിനെതിരേ പോക്‌സോ (കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം) ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒളിവില്‍ പോയ നാസര്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്നലെ തള്ളിയിരുന്നു. ഇതോടെ വൈകീട്ട് 5.15ഓടെ സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ മാസം 28നു സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നടത്തുന്ന പുല്ലേപ്പടിയിലെ സ്ഥാപനത്തിലെ ലിഫ്റ്റില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം. നാസറിന്റെ മകനും ഇതേ സ്ഥാപനത്തിലാണ് പഠിക്കുന്നത്. ഇവിടെ മകനെ കാണാനെത്തിയ നാസര്‍ ലിഫ്റ്റില്‍ ഒരുമിച്ചുണ്ടായിരുന്ന ബന്ധു കൂടിയായ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ചെറുത്ത പെണ്‍കുട്ടിയുടെ വായും കഴുത്തും അമര്‍ത്തിപ്പിടിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പിന്നീട് രണ്ടാഴ്ചയോളം പെണ്‍കുട്ടി ക്ലാസില്‍ പോയില്ല. ഇതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കാര്യം അറിഞ്ഞത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്ത് കേസിന്റെ ഈ ഘട്ടത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹരജി തള്ളുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ക്കു പുറമേ പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങളും നാസറിനെതിരേ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടി പഠിക്കുന്ന സ്ഥാപനത്തില്‍ തന്റെ മകനും പഠിക്കുന്നുണ്ടെന്നും രോഗബാധിതനായതിനെ തുടര്‍ന്നു മകനെ കൂട്ടിക്കൊണ്ടുപോകാന്‍ അന്നേ ദിവസം സ്ഥാപനത്തില്‍ പോയിരുന്നെന്നും നാസര്‍ നല്‍കിയ ജാമ്യഹരജിയില്‍ പറയുന്നു. എന്നാല്‍, തന്റെ അകന്ന ബന്ധുവാണ് പരാതിക്കാരിയെന്നും  കുടുംബ പ്രശ്‌നങ്ങളാണ് വ്യാജപരാതിക്ക് കാരണമെന്നും ഹരജിക്കാരന്‍ വാദിച്ചു. എന്നാല്‍, പ്രതിക്കെതിരേ വേണ്ടത്ര തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it