Kollam Local

വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമംരാഷ്ട്രീയ മുതലെടുപ്പിനുള്ള ബിജെപി ശ്രമം പാളി

ചന്ദനത്തോപ്പ്: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബിജെപി ശ്രമം പാളി. ഇന്നലെ രാവിലെ 8.45ഓടെയാണ് ചാത്തിനാംകുളം എംഎസ്എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അണ്‍ എയ്ഡഡ് വിഭാഗം പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടിയത്. സംഭവം നടന്ന ഉടന്‍ തന്നെ അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ഥിനിയെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും രക്ഷിതാക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും വന്‍ പോലിസ് സന്നാഹങ്ങളും സ്ഥലത്തെത്തിയിരുന്നു. സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷം രാവിലെ 10.15ഓടെ ബിജെപി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സംഘടിച്ച് സ്‌കൂളിലേക്കെത്തി. ഈ സമയം സ്‌കൂള്‍ ബസ് ഇന്ധനം നിറക്കാനായി പുറത്തേക്ക് പോവുകയായിരുന്നു. അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ബസ്സില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നുവെന്നാരോപിച്ച് ഇവര്‍ ബസ് തടഞ്ഞിടുകയായിരുന്നു. സ്‌കൂളില്‍ നടന്ന സംഭവങ്ങള്‍ എന്താണെന്ന് പോലും അന്വേഷിക്കാതെയായിരുന്നു ബസ് തടയല്‍. എന്നാല്‍ അമളി പറ്റിയെന്ന് മനസിലാക്കിയതോടെ പ്രവര്‍ത്തകര്‍ പിന്‍വാങ്ങി. പിന്നീട് സ്‌കൂള്‍ ഓഫിസിന് മുന്നില്‍ സംഘടിച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പങ്കുണ്ടെന്ന തരത്തിലായിരുന്നു ഇവരുടെ പ്രതിഷേധം. എന്നാല്‍ ആത്മഹത്യാശ്രമത്തിന് പിന്നില്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധമില്ലെന്നും പ്രണയം വീട്ടില്‍ അറിഞ്ഞതിനെ തുടര്‍ന്നുള്ള മാനസിക വിഷമമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന് വിദ്യാര്‍ഥിനി പോലിസില്‍ മൊഴി നല്‍കി. തുടര്‍ന്ന് ഇവിടെ തടിച്ച് കൂടിയ മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരും രക്ഷിതാക്കളും ബിജെപിക്കെതിരേ പ്രതിഷേധം ഉയര്‍ത്തിയതോടെ ഇവര്‍ക്ക് സ്‌കൂളില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നു. സംഭവം രാഷ്ട്രീയമായി മുതലെടുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് പരാജയപ്പെടുത്തിയത്.അതേസമയം, വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് സിറ്റി പോലിസ് കമ്മീഷണര്‍ ശ്രീനിവാസന്‍, എസിപി ജോര്‍ജ് കോശി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. ആത്മഹത്യക്ക് കാരണമായ സംഭവത്തെ പറ്റി പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it