വിദ്യാര്‍ഥിനികളെ പൂട്ടിയിട്ട സംഭവം; നവീന്‍ പട്‌നായിക്ക് മാപ്പു പറയണമെന്ന് പ്രതിപക്ഷം

ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ കോളജ് സന്ദര്‍ശനത്തിനിടെ പെണ്‍കുട്ടികളെ പൂട്ടിയിട്ട സംഭവം വിവാദമായി. സംഭവത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ ബഹളംവച്ചു. മുഖ്യമന്ത്രി നിരുപാധികം മാപ്പു പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.കോണ്‍ഗ്രസ് ചീഫ്‌വിപ്പ് താരാപ്രസാദ് ബാഹിനിപതിയാണ് സഭയില്‍ പ്രശ്‌നം ഉന്നയിച്ചത്.
മുഖ്യമന്ത്രി രമാദേവി സര്‍വകലാശാല ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സര്‍വകലാശാലയിലെ പത്തോളം പെണ്‍കുട്ടികളെ പൂട്ടിയിട്ടതെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ കുഴപ്പമുണ്ടാക്കുമെന്നാരോപിച്ചാണ് അവരെ മുറിയില്‍ പൂട്ടിയിട്ടതെന്ന് പത്രവാര്‍ത്തകളും ചിത്രങ്ങളും ഹാജരാക്കി ബാഹിനിപതി പറഞ്ഞു. സഭയില്‍ ബഹളംവച്ച കോണ്‍ഗ്രസ് നേതാക്കള്‍ സ്പീക്കറുടെ വേദിയില്‍ കയറാനും മൈക്ക് പിടിച്ചെടുക്കാനും ശ്രമിച്ചു.
ബഹളത്തെത്തുടര്‍ന്ന് സഭ രണ്ടുതവണ നിര്‍ത്തിവച്ചു. വ്യക്തികളുടെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ് പെണ്‍കുട്ടികളെ പൂട്ടിയിട്ട നടപടിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ അംശുമാന്‍ ഷെട്ടി മൊഹന്തി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it