വിദ്യാര്‍ഥിനികളെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളായ രണ്ടു പേരെ സൗഹൃദം നടിച്ച് സംഘം ചേര്‍ന്നു കെട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ എട്ടു യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. കടമ്പനാട്ടെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് പീഡിപ്പിക്കപ്പെട്ടത്.
കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ ആലപ്പാട് സ്രായിക്കാട്ട് തറയില്‍ ക്ലാപ്പന ഉദയപുരത്ത് വീട്ടില്‍ വിഷ്ണു (20), ക്ലാപ്പന തെക്ക് കരേലിമുക്ക് ഹരിശ്രീ ഭവനത്തില്‍ ഹരിലാല്‍ (20), ക്ലാപ്പന എംപട്ടായി തറയില്‍ പുത്തന്‍വീട്ടില്‍ ശ്യാംരാജ് (20), ഓച്ചിറ പായിക്കുഴി പുത്തന്‍പുരയ്ക്കല്‍ തെക്കേതില്‍ അരുണ്‍ (19), കുലശേഖരപുരം കോട്ടപ്പുറം വള്ളിക്കാവ് രാജ്ഭവനില്‍ രാജ്കുമാര്‍ (24), ആദിനാട് കുലശേഖരപുരത്ത് പുത്തന്‍തെരുവ് വിളയില്‍ പടിഞ്ഞാറ്റതില്‍ നാസിന്‍ (18), ആദിനാട് കോട്ടപ്പുറം കുലശേഖരപുരം പുളിക്കീഴില്‍തറ വീട്ടില്‍ രതീഷ് (29), കുലശേഖരപുരം വവ്വാക്കാവ് ഉദയപുരം വീട്ടില്‍ ശരത് (20) എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ 4, 5 തിയ്യതികളിലായാണ് സംഭവം. ഒരു പെണ്‍കുട്ടിയെ ആദ്യദിവസം നാലു പേര്‍ ചേര്‍ന്നും മറ്റൊരു പെണ്‍കുട്ടിയെ അതിനടുത്ത ദിവസം മറ്റുള്ളവര്‍ ചേര്‍ന്നുമാണ് പീഡിപ്പിച്ചത്. ആദ്യദിവസം ഹരിലാലിന്റെ വീട്ടില്‍ വച്ചാണ് ഒരാളെ ബലാല്‍സംഗത്തിനിരയാക്കിയത്. മറ്റേ കുട്ടിയെ അന്നു ലോഡ്ജിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും എതിര്‍ത്തതിനാല്‍ നടന്നില്ല. തുടര്‍ന്ന് അടുത്ത ദിവസം രാജ്കുമാറിന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കുട്ടികളുമായി നേരത്തേ ഇവര്‍ക്ക് സൗഹൃദമുണ്ടായിരുന്നു. 4ാം തിയ്യതി സ്‌കൂളിലേക്കു വന്ന കുട്ടികളുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട സംഘം ബീച്ച് കാണിക്കാനെന്നു പറഞ്ഞു ഓട്ടോയില്‍ കൊണ്ടുപോവുകയായിരുന്നു. ചെറിയഴീക്കല്‍ ബീച്ചില്‍ പോയ ശേഷമാണ് ഹരിലാലിന്റെ വീട്ടിലേക്കെത്തിച്ചത്. എതിര്‍ത്ത കുട്ടിയുടെ കൈയും കാലും ചുരിദാറിന്റെ ഷാള്‍ കൊണ്ട് കെട്ടിയ ശേഷമായിരുന്നു പീഡനം. ഒപ്പമുണ്ടായിരുന്ന കുട്ടിയെ ലോഡ്ജിലേക്കു കൊണ്ടുപോകാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ തൊട്ടടുത്തുള്ള മുറിയില്‍ പൂട്ടിയിട്ടു. ശേഷം ഇരുവരെയും കടമ്പനാട് ജങ്ഷനില്‍ എത്തിച്ചു. വിവരം പുറത്തുപറയാതിരിക്കാന്‍ കുട്ടികള്‍ക്ക് രണ്ടായിരം രൂപ നല്‍കി.
അടുത്ത ദിവസം രണ്ടാമത്തെ കുട്ടിയുടെ മാതാവുമായി പരിചയമുള്ള പ്രതികളില്‍ ഒരാള്‍ ഇവരുടെ വീട്ടിലെത്തി കൗണ്‍സലിങിനു വിധേയമാക്കാനെന്നു പറഞ്ഞ് കുട്ടിയെ കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മറ്റു വിദ്യാര്‍ഥിനികളില്‍ നിന്ന് വിവരമറിഞ്ഞ അധ്യാപകര്‍ പീഡനത്തിനിരയായവരെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് അധ്യാപകര്‍ ശിശുക്ഷേമവകുപ്പ് കോഓര്‍ഡിനേറ്ററെ വിവരം അറിയിച്ചു. അവര്‍ ഏനാത്ത് പോലിസിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
പെണ്‍കുട്ടികള്‍ നല്‍കിയ മൊബൈല്‍ നമ്പറിന്റെ ലൊക്കേഷന്‍ മനസ്സിലാക്കിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോഴഞ്ചേരി മഹിളാമന്ദിരത്തിലേക്കു മാറ്റിയ പെണ്‍കുട്ടികള്‍ക്കു മുന്നില്‍ ഹാജരാക്കിയ പ്രതികളെ അവര്‍ തിരിച്ചറിഞ്ഞു. ഒമ്പതു പേരെയാണ് കസ്റ്റഡിയില്‍ എടുത്തതെങ്കിലും ഒരാളെ പെണ്‍കുട്ടികള്‍ തിരിച്ചറിയാത്തതിനാല്‍ വിട്ടയച്ചു.
Next Story

RELATED STORIES

Share it