Editorial

വിദ്യാര്‍ഥിനികളുടെ നേരെയുള്ള പീഡനങ്ങള്‍

കാലിക്കറ്റ് സര്‍വകലാശാലയില്‍ പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നുവെന്ന് പരാതിപ്പെട്ടുകൊണ്ട് അറുനൂറോളം വിദ്യാര്‍ഥിനികള്‍ സംസ്ഥാന ഗവര്‍ണര്‍ക്കും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചത് അടുത്തകാലത്താണ്. അതേത്തുടര്‍ന്ന് നോവലിസ്റ്റ് സാറാ ജോസഫ്, അന്വേഷി പ്രസിഡന്റ് കെ അജിത എന്നിവരടങ്ങുന്ന വനിതകളുടെ ഒരു സ്വതന്ത്ര വസ്തുതാന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് നടത്തുകയും പരാതി ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരിക്കുന്നു. സംസ്ഥാനത്ത് ഒരിടത്തും അനുഭവിക്കാത്ത പ്രയാസങ്ങളാണത്രെ സര്‍വകലാശാലയിലെ പെണ്‍കുട്ടികള്‍ അനുഭവിക്കുന്നത്. ആയിരത്തിലധികം പേര്‍ താമസിക്കുന്ന വനിതാ ഹോസ്റ്റലിന് യാതൊരു സുരക്ഷിതത്വവുമില്ലെന്നും തന്മൂലം വിദ്യാര്‍ഥിനികള്‍ ലൈംഗികമായി അപമാനിക്കപ്പെടുന്നുവെന്നും ഏറക്കുറേ സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു.
കേരളം വളരെയധികം പ്രബുദ്ധമായ പ്രദേശമാണെന്നാണു വയ്പ്. സ്ത്രീവിദ്യാഭ്യാസം സംസ്ഥാനത്ത് സാര്‍വത്രികമാണ്. ഇവിടെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും വിദ്യാസമ്പന്നകളായ ധാരാളം സ്ത്രീകള്‍ തൊഴിലെടുക്കുകയും പൊതുമണ്ഡലങ്ങളില്‍ പ്രയാസമേതുമില്ലാതെ സ്വതന്ത്രമായി ഇടപെടുകയും ചെയ്യുന്നു. ഇങ്ങനെയൊരവസ്ഥ നിലവിലുള്ളപ്പോഴാണ് ഉന്നത വിദ്യാഭ്യാസരംഗത്തുള്ള വിദ്യാര്‍ഥിനികള്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നത് എന്നോര്‍ക്കണം. സാമൂഹികവിരുദ്ധരില്‍നിന്നാണ് അതിക്രമങ്ങളുണ്ടാവുന്നതെന്ന് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു- ആരാണ് ഈ സാമൂഹികവിരുദ്ധര്‍? സഹവിദ്യാര്‍ഥികളില്‍നിന്നു തന്നെയാണ് പീഡനശ്രമങ്ങള്‍ എന്നാണ് ഗവര്‍ണര്‍ക്ക് അയച്ച പരാതിയില്‍ വിദ്യാര്‍ഥിനികള്‍ പറഞ്ഞത്. വിദ്യാര്‍ഥിനി-വിദ്യാര്‍ഥികള്‍ പരസ്പരം മാന്യമായി ഇടപെടാനുള്ള സാഹചര്യം കേരളത്തില്‍ ഇല്ല എന്ന് ഇതു സൂചിപ്പിക്കുന്നു. കൂടെ പഠിക്കുന്ന വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസുകളില്‍ സഹപാഠികള്‍ പ്രതിയാക്കപ്പെട്ടിട്ടുള്ള കേസുകള്‍ കേരളത്തില്‍ വേറെയുമുണ്ട്. പഠിപ്പുണ്ട് എന്നതൊക്കെ കൊള്ളാം. പെണ്ണിനെ കാണുമ്പോഴേക്കും വികാരവിജൃംഭിതമാവുന്നതാണ് നമ്മുടെ ചെറുപ്പക്കാരുടെ സദാചാരബോധം എന്നാണോ ഇതില്‍നിന്ന് അനുമാനിക്കേണ്ടത്?
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ ബെഞ്ചില്‍ മുട്ടിയുരുമ്മി തിങ്ങിയിരിക്കാനുള്ള അനുമതി നിഷേധിച്ച കലാലയത്തെ താലിബാനിസ്റ്റ് സ്ഥാപനമാക്കി മുദ്രകുത്താന്‍ ഇവിടെ നടന്ന ശ്രമങ്ങളെ ഇതിനോട് ചേര്‍ത്തുവായിക്കണം. സഹപാഠികളായ വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തുന്ന അവസ്ഥ കലാലയങ്ങളില്‍ നിലവിലുള്ളപ്പോള്‍ അതിരറ്റ വ്യക്തിസ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതില്‍ എന്തു തെറ്റാണുള്ളത് എന്ന ചോദ്യം ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളുടെ പരാതിയും തുടര്‍ന്നുണ്ടായ വസ്തുതാന്വേഷണ റിപോര്‍ട്ടും അതിനെ ശരിവയ്ക്കുകയാണു ചെയ്യുന്നത്.
Next Story

RELATED STORIES

Share it