Pathanamthitta local

വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ മൊബൈല്‍ കൊണ്ടുവരുന്നത് തടയും

പത്തനംതിട്ട: വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവരുന്നതു കര്‍ശനമായി തടയാന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ യോഗം തീരുമാനിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നില്ലെന്നും ഉപയോഗിക്കുന്നില്ലെന്നും പ്രിന്‍സിപ്പല്‍, ഹെഡ്മാസ്റ്റര്‍, അധ്യാപകര്‍ എന്നിവര്‍ ഉറപ്പാക്കണം. മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ക്ലാസ് ലീഡര്‍ ഇക്കാര്യം അധ്യാപകനെ അറിയിക്കണം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സംരക്ഷണ-നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കുന്നതിന് സ്‌കൂള്‍ തലത്തില്‍ നടപടി സ്വീകരിക്കും. വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഹാജരാകാതിരുന്നാല്‍ മാതാപിതാക്കളെ അറിയിക്കുന്നതിന് എസ് എംഎസ് സംവിധാനമേര്‍പ്പെടുത്തും. ലൈംഗിക അതിക്രമങ്ങളില്‍ ഇരയാകുന്ന കുട്ടികളുടെ തുടര്‍ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉറപ്പുവരുത്തണം. അതിക്രമത്തിന് ഇരയാകുന്നതും ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളതുമായ പെ ണ്‍കുട്ടികള്‍ക്കുള്ള ചില്‍ഡ്ര ന്‍സ് ഹോം ഐഡിപിഎസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് മുഖേനയോ സന്നദ്ധ സംഘടനകള്‍ മുഖേനയോ ആരംഭിക്കുന്നതിന് തീരുമാനിച്ചു.
താല്‍പര്യമുള്ള സന്നദ്ധ സംഘടനകളും പഞ്ചായത്തുകളും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപ്പെടണം. കുട്ടികളുടെ സംരക്ഷണത്തിനായി വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറെ ചുമതലപ്പെടുത്തി. സ്‌കൂള്‍ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ജനുവരി 11 ന് പ്രധാന അധ്യാപകരുടെ യോഗം ചേരും.
യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ ഒ അബീന്‍, സൈക്യാട്രിസ്റ്റ് ഡോ.ലൈലാ ദിവാകര്‍, സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ സൂസമ്മ മാത്യു, പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഹന്‍സലാഹ് മുഹമ്മദ്, പത്തനംതിട്ട ഡിവൈ.എസ്.പി എ സന്തോഷ്‌കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.നന്ദിനി, ഐസിഡിഎസ് പ്രോഗ്രാം ഓഫിസര്‍ എം അബ്ബാസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it