wayanad local

വിദ്യാര്‍ഥികള്‍ വര്‍ധിച്ചു : പൊതുവിദ്യാലയങ്ങള്‍ക്ക് സ്വീകാര്യതയേറുന്നു



കല്‍പ്പറ്റ: പൊതുവിദ്യാലയങ്ങളോടുള്ള ആഭിമുഖ്യം രക്ഷിതാക്കള്‍ക്കിടയില്‍ വര്‍ധിക്കുകയാണെന്ന് എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ജി എന്‍ ബാബുരാജ് പറഞ്ഞു. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്നു ടിസി വാങ്ങി പൊതുവിദ്യാലങ്ങളില്‍ ചേരുന്ന കുട്ടികളുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുകയാണ്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ 645ഉം മാനന്തവാടിയില്‍ 450ഉം വൈത്തിരി ഉപജില്ലയില്‍ 500ഉം കുട്ടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്നു പൊതുവിദ്യാലയങ്ങളിലേക്ക് മാറിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങളോടുള്ള രക്ഷിതാക്കളുടെ സമീപനത്തില്‍ ഉണ്ടായ വ്യത്യാസമാണ് ഇതു പ്രകടമാക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങളും വിദ്യാഭ്യാസ നിലവാരവും വര്‍ധിച്ചതാണ് ഇതിനു കാരണം. ജില്ലയിലെ ഓരോ പൊതുവിദ്യാലയവും മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണ്. വിദ്യാലയ നടത്തിപ്പില്‍ രക്ഷിതാക്കളുടെ സജീവമായ ഇടപെടലുകളാണ് ഉണ്ടാവുന്നത്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷയ്‌ക്കൊത്ത് അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും പദ്ധതികള്‍ നടന്നുവരികയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഏഴു വരെ ക്ലാസുകളിലെ 2,670 അധ്യാപകര്‍ക്ക് അവധിക്കാല പരിശീലനം നല്‍കി. സാധാരണ പാഠ്യവിഷയങ്ങള്‍ക്കുപുറമേ വിവരസാങ്കേതിക വിദ്യയും ഉള്‍പ്പെടുത്തിയായിരുന്നു പരിശീലന പദ്ധതി. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍നിന്നു സ്‌കൂളുകളിലേക്കും തിരിച്ചും വാഹന സൗകര്യം ഏര്‍പ്പെടുത്തിയതും പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ എത്തുന്നതിനു സഹായകമായിട്ടുണ്ട്. വിദ്യാലയങ്ങളില്‍നിന്നു ആദിവാസി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോവുന്നതു തടയാനും പ്രായമെത്തിയ മുഴുവന്‍ കുട്ടികളുടെയും സ്‌കൂള്‍ പ്രവേശനം ഉറപ്പുവരുത്താനും വിവിധങ്ങളായ പദ്ധതികളാണ് നടപ്പാക്കുന്നത്- ബാബുരാജ് പറഞ്ഞു.
Next Story

RELATED STORIES

Share it