palakkad local

വിദ്യാര്‍ഥികള്‍ മദ്യപിച്ച് ക്ലാസിലെത്തുന്നു; വിദേശ മദ്യഷാപ്പ് മാറ്റുന്നതിന്  നടപടി സ്വീകരിക്കണം: ജില്ലാ കലക്ടര്‍

പാലക്കാട്: കൊടുവായൂര്‍ നഗരമധ്യത്തിലുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യഷാപ്പ് മാറ്റുന്നതിന് എക്‌സൈസ് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി നിര്‍ദ്ദേശിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന എക്‌സൈസ് വകുപ്പിന്റെ പ്രതിമാസ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
ഹൈസ്‌കൂള്‍ പരിസരത്ത് നില്‍ക്കുന്ന ഷോപ്പില്‍ നിന്നും മദ്യപിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ക്ലാസിലെത്തുന്നതിനെതുടര്‍ന്ന് അധ്യാപകരും രക്ഷിതാക്കളും ഏറെ പരാതി ഉന്നയിച്ചിരുന്നു. അതിനെ തുടര്‍ന്ന് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു. മദ്യഷോപ്പ് മാറ്റുന്നതിനുള്ള അനുമതിക്കായി റിപ്പോര്‍ട്ട് തിരുവനന്തപുരത്തേയ്ക്ക് അയച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മദ്യഷോപ്പിന്റെ പരിസരത്ത് മാലിന്യം നിക്ഷേപിച്ച് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായി കഞ്ചാവ് ഉപയോഗം കൂടുന്നതിനാല്‍ സ്‌കൂള്‍-കോളജ് പരിസരത്തെ കടകളില്‍ റെയ്ഡ് നടത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
സ്‌കൂളുകളില്‍ കംപ്ലയിന്റ് ബോക്‌സ് സ്ഥാപിച്ച് അതില്‍ വരുന്ന പരാതികള്‍ അന്വേഷിച്ച് നടപടിയെടുക്കുന്നുണ്ടെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി പി സുലേഷ്‌കുമാര്‍ അറിയിച്ചു. സ്‌കൂളുകളില്‍ പിടിഎ യുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണക്യാമ്പ് സംഘടിപ്പിക്കും.
സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ വൈറ്റ്‌നര്‍, ഫെവികോള്‍ തുടങ്ങിയ വസ്തുക്കള്‍ ലഹിരിയ്ക്കായി ഉപയോഗിക്കുന്നുവെന്ന വസ്തുതയറിഞ്ഞ ജില്ലാകലക്ടര്‍ ആശങ്ക പ്രകടിപ്പിച്ചു. പോലിസും എക്‌സൈസും സംയുക്തമായി ലഹരിക്കെതിരേ പ്രവര്‍ത്തിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ എക്‌സൈസ് അസി.കമ്മീഷണര്‍ വി പി സുലേഷ്‌കുമാര്‍, ചിറ്റൂര്‍-തത്തമംഗലം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ സി പ്രീത്, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it