kannur local

വിദ്യാര്‍ഥികള്‍ പരീക്ഷച്ചൂടില്‍; എസ്എസ്എല്‍സിക്ക് 37,572 പേര്‍

കണ്ണൂര്‍: ചുട്ടുപൊള്ളുന്ന കുംഭച്ചൂടിനൊപ്പം വിദ്യാര്‍ഥികള്‍ പരീക്ഷാച്ചൂടിലേക്ക്. നാളെ ആരംഭിച്ച് 28ന് അവസാനിക്കുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ അന്തിമഘട്ടത്തില്‍. ഇക്കുറി ജില്ലയില്‍ മൂന്ന് വിദ്യാഭ്യാസ ജില്ലകളില്‍നിന്നായി 37,572 വിദ്യാര്‍ഥികളാണ് പത്താംതരം പരീക്ഷയെഴുതുന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 980 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം കൂടുതലാണ്. 2015ല്‍ 36,592 വിദ്യാര്‍ഥികളാണു പരീക്ഷയെഴുതിയത്. 2013-14ല്‍ 35,317ഉം 2012-13ല്‍ 36, 462ഉം വിദ്യാര്‍ഥികളാണ് ജില്ലയില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതിയിരുന്നത്. ഇത്തവണ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 34 കേന്ദ്രങ്ങളിലായ 8115 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുള്ളത് എളയാവൂര്‍ സിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്-936 പേര്‍.
ഏറ്റവും കുറവ് വിദ്യാര്‍ഥികളുള്ളത് അഴീക്കല്‍ ഗവ. ഫിഷറീസ് ഹൈസ്‌കൂളിലാണ്. ഇവിടെ വെറും 15 പേരാണ് പരീക്ഷയെഴുതുന്നത്. അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്ന് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ നാറാത്ത് സ്‌കൂളിലാണ്-25 പേര്‍. അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത് വളപട്ടണം താജുല്‍ ഉലൂം സ്‌കൂളില്‍ നിന്നാണ്-109 വിദ്യാര്‍ഥികള്‍. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 89 കേന്ദ്രങ്ങളിലായി 13,402 കുട്ടികളും തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 83 കേന്ദ്രങ്ങളിലായി 16,055 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതും. ഇവരില്‍ 8,388 ആണ്‍കുട്ടികളും 7,667 പെണ്‍കുട്ടികളുമാണ്. കൂടുതല്‍ കുട്ടികള്‍ ഇരിക്കുന്ന സ്‌കൂള്‍ മൊകേരി രാജീവ്ഗാന്ധി മെമോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്-1,191 പേര്‍. 19 വീതം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന പെരിങ്കരി, ചിറക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് വിദ്യാര്‍ഥികള്‍ കുറവുള്ളത്.
എല്ലാ ദിവസവും ഉച്ചയ്ക്കു 1.45 മുതലാണു പരീക്ഷകള്‍. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പരീക്ഷയില്ല. ചോദ്യപേപ്പറുകളെല്ലാം ജില്ലാ വിദ്യഭ്യാസ ഓഫിസില്‍ എത്തിക്കഴിഞ്ഞു. ഓരോ സെന്ററിലേക്കുമുള്ള ചോദ്യപേപ്പറുകള്‍ പായ്ക്ക് ചെയ്തു തയ്യാറാക്കിയിട്ടുണ്ട്.
അതാത് ദിവസങ്ങളിലെ പരീക്ഷയ്ക്കുള്ള ചോദ്യക്കടലാസുകള്‍ രാവിലെ 10നു മുമ്പായാണ് സ്‌കൂളുകളിലെത്തിക്കുക. പരീക്ഷ ഡ്യൂട്ടിക്കുള്ള അധ്യാപകനിയമനം പൂര്‍ത്തിയായിട്ടുണ്ട്. ഓരോ പരീക്ഷാ കേന്ദ്രത്തിലും ഒരു അധ്യാപകന്‍ എന്ന നിലയില്‍ അധിക ഡ്യൂട്ടിയിലുണ്ടായിരിക്കും. പരീക്ഷയ്ക്കു ശേഷം അതാത് ദിവസം വൈകീട്ട് ഉത്തരക്കടലാസുകള്‍ സീല്‍ചെയ്ത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് തപാല്‍ മാര്‍ഗം മൂല്യനിര്‍ണയ കേന്ദ്രങ്ങളിലേക്ക് അയക്കും.
Next Story

RELATED STORIES

Share it