Idukki local

വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു; പ്രകൃതിയിലേക്ക് മടങ്ങൂ



നിത്യോപയോഗ വസ്തുക്കള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രകൃതിക്ക് അനുയോജ്യമായവ മാത്രം ഉപയോഗിക്കണമെന്നാണ് പ്രവൃത്തിപരിചയ മേളയില്‍ വിദ്യാര്‍ഥികള്‍ പ്രധാനമായും എടുത്തുപറഞ്ഞത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ച് കടലാസ്, തുണി, ഈറ, മുള, ചണം, കമുകിന്‍ പാള തുടങ്ങി മണ്ണിലേക്ക് വേഗം ജീര്‍ണിച്ചുചേരുന്ന വസ്തുക്കളുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്ന ആശയമായിരുന്നു അവരുടെ പ്രൊജക്ടുകളുടെ കാതല്‍. സോപ്പ്, ലോഷന്‍ മുത—ലായവ ഉപയോഗിക്കുമ്പോള്‍ അളവ് പരമാവധി കുറയ്ക്കണം. മണ്ണിലേക്ക് വലിച്ചെറിയുന്ന രാസവസ്തുക്കള്‍ നദിയിലെയും ഭൂഗര്‍ഭത്തിലെയും ജലത്തില്‍ കലര്‍ന്ന് കുടിവെള്ളത്തിലൂടെ നമ്മുടെതന്നെ ആന്തരാവയവങ്ങളില്‍ കയറിപ്പറ്റി പലവിധ രോഗങ്ങള്‍ക്കും കാരണമാവുന്നതായി വിദ്യാര്‍ഥികള്‍ തെളിയിച്ചു. ഇതിനാവശ്യമായ പോസ്റ്ററുകള്‍ അവര്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു. കുടകള്‍, പാവകള്‍, അലങ്കാരത്തുന്നല്‍, കുഞ്ഞുടുപ്പുകള്‍, വളകള്‍, മാലകള്‍, അഗര്‍ബത്തികള്‍, ലോഷന്‍- സോപ്പ് നിര്‍മാണം, വാഷിങ്പൗഡര്‍, ചൂരലും ഈറയും പനയോലയും ഉപയോഗിച്ച് കുട്ട, പായ, മുറം, വട്ടി തുടങ്ങി കരവിരുതിലും സാങ്കേതിക തികവിലും തങ്ങള്‍ മുതിര്‍ന്നവര്‍ക്കൊപ്പമാണെന്ന് പ്രവൃത്തി പരിചയ മേളയില്‍ കുട്ടികള്‍ തെളിയിച്ചു. കടലാസ് കപ്പുകള്‍-പ്ലേറ്റുകള്‍ എന്നിവയുടെ നിര്‍മാണം, തലയണകള്‍, ബാഗുകള്‍, തടിയില്‍ തീര്‍ത്ത ഫര്‍ണിച്ചറുകള്‍ മുതലായവയും മേളയില്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച് പ്രദര്‍ശിപ്പിച്ചു.
Next Story

RELATED STORIES

Share it