Flash News

വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപ്പന്റ് നിഷേധിക്കുന്നത് ചോദ്യംചെയ്ത് ഹരജി

കൊച്ചി: സ്വകാര്യ സ്വാശ്രയ ഡെന്റല്‍ കോളജുകളിലെ എംഡിഎസ് വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപ്പന്റ് നിഷേധിക്കുന്നത് ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹരജി. എംഡിഎസ് കോഴ്‌സിനു പ്രവേശനം ലഭിച്ചവര്‍ക്ക് സ്‌റ്റൈപ്പന്റിന് അര്‍ഹതയുണ്ടെന്ന ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും സര്‍ക്കാരിന്റെയും വിജ്ഞാപനങ്ങള്‍ വകവയ്ക്കാതെയാണ് മാനേജ്‌മെന്റുകളുടെ നടപടിയെന്നു ചൂണ്ടിക്കാട്ടി 144 പിജി ഡോക്ടര്‍മാരാണ് ഹരജി സമര്‍പ്പിച്ചത്.
കേരളത്തിലെ കോളജുകളിലെ എംഡിഎസ് വിദ്യാര്‍ഥികള്‍ക്ക് ഫീസ് നിര്‍ണയിച്ചത് വസ്തുതകള്‍ പരിഗണിക്കാതെയാണെന്നും ഫീസ് 8.5 ലക്ഷമായി വര്‍ധിപ്പിച്ചത് അന്ധമായാണെന്നും ഹരജിയില്‍ പറയുന്നു. കേരള മെഡിക്കല്‍ വിദ്യാഭ്യാസ നിയമം ലംഘിച്ചാണ് നിശ്ചിത തുകയ്ക്കപ്പുറം വിവിധതരത്തില്‍ സ്വാശ്രയ സ്വകാര്യ മാനേജ്‌മെന്റുകള്‍ ഈടാക്കുന്നത്. വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിക്കുന്ന തുകയാണിത്.
സ്വകാര്യ മാനേജ്‌മെന്റുകള്‍ കൂടുതല്‍ ജോലി ചെയ്യാന്‍ ഹരജിക്കാരായ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കുന്നു. എന്നാല്‍, നിയമപരമായി അവകാശമുള്ള സ്‌റ്റൈപ്പന്റ് നല്‍കുന്നുമില്ല. സ്‌റ്റൈപ്പന്റ് ചോദിക്കുന്നവരെ പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു. ഈ നടപടികള്‍ വിവേചനപരവും ക്രൂരവുമാണ്. ഇതുസംബന്ധിച്ച് അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയില്ല.
സംസ്ഥാന സര്‍ക്കാര്‍, ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കേരള ആരോഗ്യ സര്‍വകലാശാല എന്നിവര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. അതിനാല്‍, അര്‍ഹതപ്പെട്ട സ്‌റ്റൈപ്പന്റ്് വിദ്യാര്‍ഥികള്‍ക്കു നല്‍കാന്‍ ഉത്തരവിടണമെന്നും കുടിശ്ശിക നിശ്ചിത സമയത്തിനകം കൊടുത്തുതീര്‍ക്കാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.
Next Story

RELATED STORIES

Share it