kasaragod local

വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യബസ്സുകളില്‍ യാത്രാ ഇളവിന് തീരുമാനമായി



കാസര്‍കോട്്: പാരലല്‍, സെല്‍ഫ് ഫിനാന്‍സിങ് മറ്റ് അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള സര്‍ക്കാര്‍, എയ്ഡഡ്, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അതത് സ്ഥാപന മേധാവികള്‍ അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡോ ബസ് പാസോ ഉപയോഗിച്ച്  സ്വകാര്യബസ്സുകളില്‍ യാത്ര ചെയ്യുന്നതിന് അനുവദിക്കാന്‍ ജില്ലാകലക്ടറുടെ ചേംബറില്‍ ചേര്‍ന്ന  സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ ജില്ലാതല യോഗം തീരുമാനിച്ചു. പാരലല്‍, സെല്‍ഫ് ഫിനാന്‍സിങ്, മറ്റ് അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലെ വിദ്യാര്‍ഥികള്‍ ആര്‍ടിഒ ഒപ്പിട്ട പാസ്  ഉപയോഗിച്ച് യാത്ര ചെയ്യണം. പഠനവുമായി ബന്ധപ്പെട്ട് അവധിദിവസമോ സമയപരിധിയോ നോക്കാതെ  വിദ്യാര്‍ഥികള്‍ക്ക് യാത്രാഇളവ് അനുവദിക്കും. അധ്യയനം ആരംഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഈ മാസം 30വരെ  നിലവിലുള്ള പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം. 30നകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. വിദ്യാര്‍ഥിയുടെ താമസസ്ഥലത്ത് നിന്ന് പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്കുള്ള യാത്രയ്ക്ക്  മാത്രമാണ് ഇളവ് അനുവദിക്കുക. യാത്രാ ഇളവിന്റെ പേരില്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടാകരുതെന്നും തര്‍ക്കങ്ങള്‍ പോലിസിന്റെ ശ്രദ്ധയില്‍പെടുത്തി പരിഹരിക്കണമെന്നും യോഗം തീരുമാനിച്ചു. സ്വകാര്യ ബസ്  ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ നല്ല സമീപനമുണ്ടാകണമെന്നും യോഗം നിര്‍ദേശിച്ചു. പരാതികള്‍ പോലിസിനെയോ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരെയോ അറിയിക്കണം.  യോഗത്തില്‍ എഡിഎം കെ അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി (അഡ്മിനിസ്‌ട്രേഷന്‍) ടി പി പ്രേമരാജന്‍, കാസര്‍കോട് ആര്‍ടിഒ ബാബു ജോണ്‍, വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രതിനിധി പി സുരേന്ദ്രന്‍, കാഞ്ഞങ്ങാട് ജോയിന്റ് ആര്‍ടിഒ എസ് ഷീബ, കെഎസ്ആര്‍ടിസി പ്രതിനിധി പി ഗിരീശന്‍, ബസുടമസ്ഥസംഘം പ്രതിനിധികളായ സി രവി, വി എം ശ്രീപതി, കെ ഗിരീഷ്, പി എ മുഹമ്മദ് കുഞ്ഞി, സത്യന്‍, വിദ്യാര്‍ഥിസംഘടനാ പ്രതിനിധികളായ പി ജിനുശങ്കര്‍, കെ മഹേഷ്, എം രാഗേഷ്, നോയല്‍ ടോമിന്‍ ജോസഫ്, സി ഐ എ ഹമീദ്, എം മുഹമ്മദ് റിയാസ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it