ernakulam local

വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്ത രോഗ ലക്ഷണം -ആരോഗ്യ വിഭാഗം പരിശോധന;ആറ് കടകള്‍ പൂട്ടാന്‍ നിര്‍ദേശം



കളമശ്ശേരി: ജില്ല കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുല്ലയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നഗരസഭയിലെ കുസാറ്റ് പരിസരത്തുള്ള ഹോട്ടലുകളിലും മറ്റ് ഭക്ഷ്യവസ്തുകള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തി. കുസാറ്റ് കുഞ്ഞാലി മരക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിങ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തരോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്നാണ് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കുടിയായ കലക്ടര്‍ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. ജില്ലാ ഹെല്‍ത്ത് ഓഫിസര്‍ പി എം ശ്രിനിവാസന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പരിശോധന നടത്തിയത്. കുസാറ്റ് പരിസരത്തെ 16 കടകള്‍ പരിശോധിച്ചതില്‍ ഭൂരിഭാഗം കടകള്‍ക്കും ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ലൈസന്‍സ് ഇല്ലാത്ത ആറ് കടകള്‍ പൂട്ടാന്‍ നിര്‍ദേശം നല്‍കി. ഹോട്ടലുകളില്‍ നിന്നും പിടിച്ചെടുത്ത പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. ഹെല്‍ത്ത് ഓഫിസറിന് പുറമെ കളമശ്ശേരി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ര്‍ കെ എം യൂസഫ്, ഹെല്‍ത്ത് ഉദ്യോഗസ്ഥന്‍മാരായ എ എസ് നവാസ്, പി സാബു, കെ പി ശ്രീനിവാസന്‍, ഫുഡ് ഇന്‍സ്‌പെക്ടര്‍മാരായ സിദ്ധാര്‍ത്ഥന്‍, രാജ്‌മോഹന്‍, സിവില്‍ സപ്ലൈ ഓഫിസര്‍മാരായ ജുബിന്‍, പി എസ് മിനിമോള്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. അതേസമയം മഞ്ഞപ്പിത്ത ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ വിഭാഗം ഹോസ്റ്റലില്‍ നടത്തിയ മെഡിക്കല്‍ ക്യാംപില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിച്ച രക്തസാമ്പിളുകളില്‍ രണ്ടുപേര്‍ക്ക് മഞ്ഞപ്പിത്തരോഗം സ്ഥിതീകരിച്ചു. 27 വിദ്യാര്‍ഥികളുടെ രക്തസാമ്പിളുകളാണ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.
Next Story

RELATED STORIES

Share it