Kottayam Local

വിദ്യാര്‍ഥികള്‍ക്ക് പുതിയ കണ്‍സഷന്‍ കാര്‍ഡുകള്‍ ജൂലൈ ഒന്ന് മുതല്‍

കോട്ടയം: വിദ്യാര്‍ഥികളോട് സ്വകാര്യ ബസ് ജീവനക്കാരുടെ സമീപനം സൗഹാര്‍ദ പരമായിരിക്കണമെന്ന് കലക്ടര്‍ സ്വാഗത് ഭണ്ഡാരി. കലക്ടറേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. പുതിയ കണ്‍സഷന്‍ കാര്‍ഡുകളുടെ വിതരണം ജൂലൈ ഒന്നു മുതല്‍ ആരംഭിക്കും.
വിദ്യാര്‍ഥികളുടെ ആവശ്യ പ്രകാരം ഈ അധ്യയന വര്‍ഷം നല്‍കുന്ന കണ്‍സഷന്‍ കാര്‍ഡില്‍ സമയം പുനക്രമീകരിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ പഠന സമയം അനുസരിച്ച് രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയും രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെയും രണ്ടു രീതിയിലാണ് പുതിയ സമയക്രമം. സ്‌കൂളുകളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും നല്‍കുന്ന ലിസ്റ്റിന്റെ കോപ്പി സ്വകാര്യ ബസ് ഓണര്‍മാരുടെ അസോസിയേഷനും ലഭ്യമാക്കും.
ക്ലാസുകളുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡുകള്‍ അവധി ദിവസങ്ങളിലും ഉപയോഗിക്കാം.
അസാപ്പിന്റെ സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിലുള്ള കുട്ടികള്‍ക്കും കണ്‍സഷന്‍ ലഭിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് യൂനിഫോം ഉണ്ടെങ്കില്‍ കണ്‍സഷന്‍ കാര്‍ഡ് വേണ്ട. സ്‌കൂളുകള്‍ക്കു സമീപമുള്ള ബസ് സ്റ്റോപ്പുകളില്‍ തിക്കും തിരക്കും ഒഴിവാക്കാന്‍ വേണ്ട ക്രമീകരണം സ്‌കൂള്‍ അധകൃതരുടെ മേല്‍നോട്ടത്തില്‍ നടത്തണം. വിദ്യാര്‍ഥികളെ ബസ്സില്‍ നിന്ന് ഇറക്കി വിടുകയോ കണ്‍സഷന്‍ നിഷേധിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും.
കുട്ടികള്‍ക്കുള്ള പരാതികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാത്രമേ നല്‍കാവൂ എന്നും കലക്ടര്‍ വ്യക്തമാക്കി.
യോഗത്തില്‍ ജോയിന്റ് ആര്‍ടിഒമാരായ ജിജി ജോര്‍ജ്, സജിത്ത്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിനിധികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it