Idukki local

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന; വൃദ്ധനെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു



കുമളി: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നയാളെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. കുമളി ഒന്നാം മൈലിന് സമീപം താമസിക്കുന്ന കാരയ്ക്കാപറമ്പില്‍ ബേബി (70) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. അമരാവതി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തുള്ള വെയിറ്റിംഗ് ഷെഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഇരിക്കുന്ന ബേബിയെക്കണ്ടപ്പോള്‍ വീക്ഷണം ദിനപ്പത്രത്തിന്റെ ലേഖകനും യൂത്ത് കോണ്‍ഗ്രസ് കുമളി മണ്ഡലം പ്രസിഡന്റുമായ സനൂപിന് പുതുപ്പറമ്പിലും സുഹൃത്തുക്കളും ചോദ്യം ചെയ്തിരുന്നു. പരസ്പര വിരുദ്ധമായി മറുപടിയാണ് ലഭിച്ചത്. ഇതോടെ ഇയാളെ പരിശോധിച്ചപ്പോള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും കഞ്ചാവ് പൊതി ലഭിച്ചത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ അടി വസ്ത്രത്തിനുള്ളില്‍ നിന്നും വീട്ടില്‍ നിന്നും നാല് പൊതികളിലായി സൂക്ഷിച്ചിരുന്ന നാല്‍പത് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് കൈവശം വച്ച സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി. പോലീസ് പിടികൂടിയ സമയത്ത് ബേബിയുടെ മൊബൈലിലേക്ക് നിരവധി ഇടപാടുകാരുടെ കോളുകള്‍ വന്നതായും ഈ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. കേരളാ തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് വനമേഖയോട് ചേര്‍ന്ന പ്രദേശത്ത് ഒറ്റപ്പെട്ട വീട്ടിലാണ് ബേബി താമസിച്ചിരുന്നത്. ഇയാളെ അന്വേഷിച്ച് അപരിചിതരും സ്‌കൂള്‍ കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ എത്തുക പതിവായിരുന്നു. നാട്ടുകാര്‍ ഇക്കാര്യം പൊതുപ്രവര്‍ത്തകരെ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു ബേബി. ഇയാളെ പിടികൂടുന്നതിന് ഏതാനും സമയം മുമ്പ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കള്‍ ഉള്‍പ്പെടെ അഞ്ചു പേരെ ഇവിടെ നിന്നും പോലീസ് പിടികൂടിയിരുന്നു. കഞ്ചാവ് ഉപയോഗിച്ച ശേഷം നില്‍ക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പോലീസിനോട് സമ്മതിച്ചിരുന്നു. കേസ് എടുത്ത ശേഷം പിന്നീട് ഇവരെ വിട്ടയയ്ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it