palakkad local

വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പദ്ധതികള്‍

പാലക്കാട്: ചൈല്‍ഡ് ലൈനിന്റെ ആഭിമുഖ്യത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ അഡ് വൈസറി ബോര്‍ഡ് യോഗം ജില്ലാ കലക്ടര്‍ പി മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ ജില്ലാ പോലിസ്, സോഷ്യല്‍ ജസ്റ്റിസ് ഓഫിസര്‍, ആര്‍ഡിഒ, ഡി സി പി യു, വനിതാ പ്രൊട്ടക്ഷന്‍ ഓഫിസര്‍, വിദ്യാഭ്യാസ വകുപ്പ് മേധാവി, ജില്ലാ തൊഴില്‍ വകുപ്പ് മേധാവി, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
പുതിയ അധ്യയന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള അധിക്രമങ്ങള്‍ തടയുന്നതിനായി സ്‌കൂള്‍ കുട്ടികളെ കയറ്റി വരുന്ന മുഴുവന്‍ വാഹനങ്ങളുടെ രേഖകളും, ഡ്രൈവറുടെയും ഉടമയുടെയും വിശദവിവരങ്ങള്‍ എന്നിവ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധമായും സൂക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യണം.
ഇതര സംസ്ഥാന തൊഴിലാളികളുടെ കൂടെ എത്തുന്ന കുട്ടികള്‍ക്ക് നിര്‍ബന്ധമായും തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരിക്കണം. നിര്‍ദ്ദേശിക്കപ്പെട്ട എണ്ണത്തില്‍ കൂടുതല്‍ കുട്ടികളെ കയറ്റി യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനെ സംബന്ധിച്ച് എല്ലാ പിടിഎ മീറ്റിങുകളിലും ചര്‍ച്ച ചെയ്യും.
ജില്ലയില്‍ ശൈശവ വിവാഹങ്ങളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച വിവരങ്ങളോ മറ്റോ സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറായ 1098 ലോ അറിയിക്കേണ്ടതാണ്.
ലഹരി മരുന്ന് ഉപയോഗം, സ്വവര്‍ഗ്ഗ പ്രേമം എന്നിവ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജില്ലാ പോലിസും, ചൈല്‍ഡ് പ്രവര്‍ത്തകരും ചേര്‍ന്ന് വിദ്യാലയങ്ങളില്‍ ബോധവത്കരണം സംഘടിപ്പിക്കേണ്ടതാണ്. കുട്ടികള്‍ക്കെതിരെയുള്ള അധിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറായ 1098 ല്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it