palakkad local

വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തിയ ബസ് പിടിച്ചെടുത്തു; ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ ബസ്സില്‍ കയറാന്‍ വെയിലത്ത് വരിനില്‍ക്കുന്ന ചിത്രത്തോടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം ഫലം കണ്ടു. മോട്ടോര്‍ വാഹന വകുപ്പ് ബസ് പിടിച്ചെടുക്കുകയും ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
ഒറ്റപ്പാലം കുഴല്‍മന്ദം റൂട്ടിലോടുന്ന ശ്രീ കൃഷ്ണയെന്ന സ്വകാര്യബസ്സിനെതിരെയാണ് നടപടി. ബസ്സിനരികില്‍ വെയിലത്ത് വിദ്യാര്‍ത്ഥികള്‍ വരി നില്‍ക്കുന്ന.ചിത്രം കാണാനിടയായ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഒറ്റപ്പാലം ജോയിന്റ് ആര്‍ടിഒ അനൂപ് വര്‍ക്കിയാണ് ബസ്സിനെതിരെ നടപടിയെടുത്തത്. ജില്ലാ കലക്ടറുടെ നിര്‍ദേശവും ഉണ്ടായിരുന്നു. തുടര്‍ന്ന് ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, ചെര്‍പ്പുളശ്ശേരി പരിധികളില്‍ നടന്ന പരിശോധനയില്‍  മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും, മ്യൂസിക് സിസ്റ്റം ഉപയോഗിച്ചതിനും, ടിക്കറ്റ് കൊടുക്കാതെ സര്‍വീസ് നടത്തിയതിനുമടക്കം 99 ബസ്സുകള്‍ക്കെതിരെ നടപടിയെടുത്തു. എയര്‍ ഹോണ്‍ ഉപയോഗിച്ചതിന് 52 ബസ്സുകള്‍ക്കെതിരെയും, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വണ്ടി ഓടിച്ചതിന് രണ്ട് ബസ്സുകള്‍ക്കെതിരെയും അടക്കം മൊത്തം 118 വാഹനങ്ങളാണ് ഇന്നലെ മാത്രം വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നടപടിയെടുത്തത്.
വരും ദിവസങ്ങളില്‍ നഗരസഭ സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പ്രത്യേകം ട്രാഫിക് പോലിസ് ഉദ്യോഗസ്ഥനെയും നിയോഗിച്ചു. എംവിഐ എം രമേശ്,അസി. എംവിഐമാരായ കെ ധനേഷ്,എം മുഹമ്മദ് റഫീക്, കെ എസ് സമീഷ്,ട്രാഫിക് എസ്‌ഐ കെ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിദ്യാര്‍ത്ഥികള്‍ക്കോ,യാത്രക്കാര്‍ക്കോ ബസ്സുകളില്‍ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ ബസ്സിന്റെ നമ്പര്‍ അടക്കം കാണിച്ച് 8547639190 എന്ന നമ്പറില്‍ വിളിച്ച് പരാതി അറിയിക്കാമെന്ന് ജോയിന്റ് ആര്‍ടിഒ അറിയിച്ചു.
Next Story

RELATED STORIES

Share it